വട്ടിയൂര്‍ക്കാവില്‍ തെളിഞ്ഞത് ബി.ജെ.പി – സി.പി.എം അന്തർധാര

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ തെളിഞ്ഞത് സി.പി.എം – ആര്‍.എസ്.എസ് അന്തര്‍ധാര രാഷ്ട്രീയവും വോട്ടുകച്ചവടവും. വട്ടിയൂര്‍ക്കാവ് മണ്ഡലം രൂപീകരിച്ചതുമുതല്‍ ശക്തനായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരരംഗത്തിറങ്ങുകയായിരുന്നു ബി.ജെ.പി. എന്നാല്‍ ഇത്തവണ ആ സ്ഥിതി മാറി. ഊര്‍ജ്ജിതമായ പോരാട്ടം കാഴ്ച്ചവെയ്ക്കുമായിരുന്ന, 2016ലെ തെരഞ്ഞെടുപ്പില്‍ 32.06 ശതമാനം വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തിയ കുമ്മനം രാജശേഖരനെ ഒഴിവാക്കി. എസ്. സുരേഷ് എന്ന അപ്രസക്തനെ നിര്‍ത്തിയതില്‍ തന്നെ ബി.ജെ.പി സി.പി.എമ്മിനുവേണ്ടി നടത്തിയ വിട്ടുവീഴ്ച്ച വ്യക്തമായിരുന്നു. അതുവഴി കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തുപോയ പേരുദോഷം ഒഴിവാക്കി സി.പി.എം ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

വട്ടിയൂര്‍ക്കാവിലേത് സി.പി.എമ്മിന്റേത് പലകാരണങ്ങള്‍ കൊണ്ടും അഭിമാനപ്പോരാട്ടമായിരുന്നു. കഴിഞ്ഞകാലങ്ങളില്‍ ബി.ജെ.പിക്കുവേണ്ടി വിട്ടുവീഴ്ച്ച നടത്തിയതിലൂടെ അണികള്‍ക്കിടയിലുണ്ടായിരുന്ന അപ്രീതി മാറ്റിയെടുക്കേണ്ടത് നേതൃത്വത്തിന്റെ ആവശ്യമായിരുന്നു. തിരുവനന്തപുരം സി.പി.എമ്മിലെ ഗ്രൂപ്പിസത്തിന്റെ അനന്തരഫലമായിരുന്നു ബി.ജെ.പിക്ക് നല്‍കിയ രാഷ്ട്രീയ വളം. എങ്കില്‍ ഇത്തവണ അണികള്‍ രംഗത്തിറങ്ങി നേതാക്കളുടെ ഗ്രൂപ്പിസത്തിന് തടയിടുകയായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ ആദ്യഘട്ടത്തില്‍ കടകംപള്ളി, ആനാവൂര്‍ നാഗപ്പന്‍ പോരിനെതിരെ നിരവധി പരാതികളാണ് സംസ്ഥാന നേതൃത്വത്തിന് കിട്ടിയത്. തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് വി.കെ. പ്രശാന്തിന്റെ പേര് സ്ഥിരപ്പെടുത്തിയത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലാണ്. ഇതോടെ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷമാണ് എസ്. സുരേഷിനെ സ്ഥാനാര്‍ത്ഥിയായി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളെ അവഗണിച്ചാണ് നേതൃത്വം ഇത്തരമൊരു നീക്കം നടത്തിയത്. ഇതോടെ ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം തമ്മില്‍ നടത്തിയ കൂട്ടുകച്ചവടമാണ് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥികളെന്ന് വ്യക്തമാകുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇരു പാര്‍ട്ടികളുടെയും വെച്ചുമാറല്‍ പ്രകടമായിരുന്നു. ലാവ്‌ലിന്‍ കേസും ഈ വോട്ടുകച്ചവടവും തമ്മില്‍ കൂട്ടിവായിക്കുമ്പോള്‍ ഈ രാഷ്ട്രീയം പ്രസക്തമാകുന്നു.

Comments (0)
Add Comment