വണ്ണപ്പുറം-കാളിയാർ റോഡിൽ പാറമക്ക് ഇറക്കി താൽക്കാലികമായി കുഴിയടക്കാന്‍ നീക്കം; നാട്ടുകാർ തടഞ്ഞു; റോഡ് ഉപരോധിച്ചു

തകർന്നു കിടക്കുന്ന വണ്ണപ്പുറം-കാളിയാർ റോഡിൽ പാറമക്ക് ഇറക്കി താൽക്കാലികമായി കുഴിയടക്കുവാനുള്ള അധികൃതരുടെ നീക്കം നാട്ടുകാർ തടഞ്ഞു. റോഡിലെ ഗട്ടറുകൾക്കു പുറമേ വലിയ സൈഡ് കട്ടിങ്ങുകളും ഉള്ള ഇവിടെ മാസങ്ങളായി റോഡ് തകർന്നു കിടക്കുകയാണ്. റോഡ് നന്നാക്കാത്തതിനെതിരെ നാട്ടുകാർ പ്രക്ഷോഭം ആരംഭിക്കുവാനിരിക്കെയാണ് അധികൃതർ താൽക്കാലിക കുഴി അടക്കലുമായി എത്തിയത് .

മാസങ്ങളായി തകർന്നു കിടക്കുന്ന റോഡാണ് വണ്ണപ്പുറം കാളിയാർ റോഡ്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പല തവണ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. ഇതേ തുടർന്ന് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുവാൻ ഇരിക്കെയാണ് പി.ഡബ്ല്യു.ഡി അധികൃതർ താൽക്കാലികമായി കുഴിയടക്കുവാൻ പാറമക്കുമായി എത്തിയത്. ഇത് നാട്ടുകാർ ചേർന്ന് തടയുകയായിരുന്നു. ടാർ ചെയ്യാതെ കുഴിയടക്കുവാനുള്ള അധികൃതരുടെ നീക്കത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധവും നടത്തി. ടാറിങ് നടത്താതെ കുഴിയടക്കുന്നത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടുവാനുള്ള അധികൃതരുടെ തന്ത്രം ആണെന്ന് ആരോപിച്ചാണ് റോഡ് ഉപരോധം നടത്തിയത്.

തുടർന്ന് പി.ഡബ്ല്യു.ഡി അധികൃതരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. ഇതേതുടർന്ന് റോഡിൽ ഇറക്കിയ പാറമക്ക് കോരി മാറ്റാം എന്ന അധികൃതരുടെ ഉറപ്പിൽ ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, റോഡ് നന്നാക്കുവാനുള്ള നടപടികൾ ആയിട്ടുണ്ടെന്നും ഇലക്ഷൻ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാലാണ് പണികൾ ഇപ്പോൾ നടക്കാത്തതെന്നും പി.ഡബ്ല്യു.ഡി അധികൃതർ പറഞ്ഞു. മൂവാറ്റുപുഴയിൽ നിന്ന് കാളിയാറിലേയ്‌ക്കെത്തുന്ന വാഹനങ്ങളും തൊടുപുഴ ഭാഗത്ത് നിന്ന് ഹൈറേഞ്ചിലേക്കുള്ള ദീർഘദൂര ബസുകളും ഉൾപ്പെടെ കടന്നു പോകുന്ന ഈ റോഡ് ടാർ ചെയ്ത് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments (0)
Add Comment