വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ല; ഉപരോധ സമരം നടത്തി യുഡിഎഫ്

 

മലപ്പുറം: രാജ്യത്തെ തന്നെ പ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂരിൽ വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാത്തത് നീതികരിക്കാനാവില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ജില്ലാ യുഡിഎഫ് തിരൂരിൽ സംഘടിപ്പിച്ച ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്ദേഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരൂർ റെയിൽ വേ സ്റ്റേഷനിൽ ഉപരോധ സമരം നടത്തി. മലപ്പുറം ജില്ലയോട് റെയിൽവേ ആവർത്തിച്ചു കൊണ്ടിരിക്കുന്ന അവഗണനയുടെ ഏറ്റവും അവസാനത്തെ ഉദാഹരണം കൂടിയാണിതെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂടുതൽ വരുമാനം കിട്ടുന്ന ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയിൽ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ നഗരങ്ങളിൽ ഒന്നായ തിരൂരിൽ നേരത്തെ സ്റ്റോപ്പ് അനുവദിക്കുകയും ആദ്യ ട്രയൽ റണ്ണിൽ ഉൾപ്പെടുത്തുകയും പിന്നീട് എടുത്തുമാറ്റുകയും ചെയ്തതിന്‍റെ സാങ്കേതികത്വം മാത്രം മനസിലാകുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇതൊരു അജണ്ടയാണെന്ന് സംശയിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇ.ടി മുഹമ്മദ് ബഷീർ എംപി, അബ്ദുസമദ് സമദാനി എംപി, ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി അജയ് മോഹൻ, സംസ്ഥാന-ജില്ലാ ഭാരവാഹികൾ, യുഡിഎഫ് നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ സമരത്തിൽ അണിനിരന്നു. പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്ത അതേ സമയത്ത് തന്നെയാണ് യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ തിരൂർ റെയിൽ വേ സ്റ്റേഷനിൽ ഉപരോധ സമരം സംഘടിപ്പിച്ചത്.

Comments (0)
Add Comment