Vande Bharath | ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ കന്നി യാത്രയില്‍ കുട്ടികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചു; വിവാദമായതോടെ വീഡിയോ നീക്കി റെയില്‍വേ

Jaihind News Bureau
Saturday, November 8, 2025

കൊച്ചി എറണാകുളം കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ കന്നി യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചത് വിവാദമായി. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ആര്‍എസ്എസ് ഗണഗീതം പാടുന്ന വീഡിയോ ദക്ഷിണ റെയില്‍വേ എക്‌സ് പേജില്‍ പങ്കുവെച്ചു. ഇത് വിവാദമായതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചു. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി വിവിധ വന്ദേഭാരത് ട്രെയിനുകള്‍ ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്തത്.

വന്ദേഭാരത് എക്‌സ്പ്രസിന്റെ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുള്ള സ്ഥിരം സര്‍വീസ് നവംബര്‍ 11-ന് ആരംഭിക്കും. ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഇതുവരെ തുടങ്ങിയിട്ടില്ല. കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ചെയര്‍കാറില്‍ (സിസി) 1095 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ (ഇസി) 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം, റിസര്‍വേഷന്‍ ചാര്‍ജ്, 5% ജിഎസ്ടി എന്നിവ ഒഴികെയുള്ള നിരക്കുകളാണിത്.

എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉദ്ഘാടന ട്രെയിന്‍ വൈകിട്ട് 5.50-ന് കെഎസ്ആര്‍ സ്റ്റേഷനില്‍ എത്തിച്ചേരും. കര്‍ണാടക കേരള ട്രാവലേഴ്‌സ് ഫോറം, ബാംഗ്ലൂര്‍ കേരളസമാജം തുടങ്ങിയ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കെആര്‍ പുരം, കെഎസ്ആര്‍ സ്റ്റേഷനുകളില്‍ വന്ദേഭാരതിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ കന്നി യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചത് ഇതിനിടെ വിവാദമായി. ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഗണഗീതം പാടുന്ന വീഡിയോ ദക്ഷിണ റെയില്‍വേ ഔദ്യോഗിക ‘എക്‌സ്’ പേജില്‍ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. മണിക്കൂറുകള്‍ക്കകം പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.

കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാണിത്. എറണാകുളം-ബെംഗളൂരു റൂട്ടിലോടുന്ന ഈ ട്രെയിനിന്റെ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇതിനായി പ്രത്യേക വേദി സജ്ജമാക്കിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഹൈബി ഈഡന്‍ എംപി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ എട്ടുമണിക്ക് ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും, 8.45ഓടെയാണ് പ്രധാനമന്ത്രി ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചത്. വാരണാസിയില്‍ നാല് പുതിയ വന്ദേഭാരത് ട്രെയിനുകളും മോദി ഉദ്ഘാടനം ചെയ്തു. എറണാകുളം-ബെംഗളൂരു റൂട്ടിന് പുറമെ, ബനാറസ്-ഖജുരാഹോ, ലഖ്നൗ-ഡെഹ്‌റാഡൂണ്‍, ഫിറോസ്പൂര്‍-ഡല്‍ഹി എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു.

വന്ദേഭാരത് എക്‌സ്പ്രസിന്റെ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുള്ള സ്ഥിരം സര്‍വീസ് നവംബര്‍ 11 മുതല്‍ ആരംഭിക്കും. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തുന്ന ട്രെയിന്‍ എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തും. ആകെ 11 സ്റ്റേഷനുകളില്‍ മാത്രമാണ് സ്റ്റോപ്പുകളുള്ളത്. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിവയാണ് ഈ സ്റ്റേഷനുകള്‍.

ടിക്കറ്റ് നിരക്കുകള്‍:
ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചെങ്കിലും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളം വരെ ചെയര്‍കാറില്‍ (സിസി) 1095 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ (ഇസി) 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം, റിസര്‍വേഷന്‍ ചാര്‍ജ്, 5% ജിഎസ്ടി എന്നിവ ഒഴികെയുള്ളതാണിത്.