‘അന്ന് മോദിയെ പുറത്താക്കാന്‍ വാജ്പേയി തീരുമാനിച്ചിരുന്നു; മോദി തുടര്‍ന്നത് അദ്വാനിയുടെ ഇടപെടലില്‍; രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ ആരോപണം അടിസ്ഥാനരഹിതം’ : യശ്വന്ത് സിന്‍ഹ

Jaihind Webdesk
Friday, May 10, 2019

2002 ലെ ഗോദ്ര കലാപത്തിന് ശേഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പുറത്താക്കാൻ അന്ന് പ്രധാനമന്ത്രിയായിരുന്ന വാജ്പേയി തീരുമാനിച്ചിരുന്നെന്ന് വെളിപ്പെടുത്തിമുൻ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിൻഹ. അന്ന് വാജ്പേയി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന എൽ.കെ അദ്വാനി ഇടപെട്ടാണ് മോദിയെ പുറത്താക്കുന്നത് തടഞ്ഞെതെന്നും യശ്വന്ത് സിൻഹ പറഞ്ഞു.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിഷയത്തിൽ മോദി നുണ പറയുകയാണെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. രാജീവ് ഗാന്ധിക്കെതിരെ ഐ.എന്‍.എസ് വിരാടുമായി ബന്ധപ്പെടുത്തി മോദി ഉന്നയിച്ച ആരോപണത്തില്‍ യാതൊരു  വാസ്തവവുമില്ല. ഇത്തരത്തിൽ നുണ പറയുന്നത് പ്രധാനമന്ത്രി പദത്തിന് ചേർന്ന നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ആരോപണം തികച്ചും തെറ്റാണെന്ന് അന്ന് ഐ.എന്‍.എസ് വിരാടിലുണ്ടായിരുന്ന നാവികസേന ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കി രംഗത്തെത്തിയതാണ്.

രാജ്യത്തെ നടുക്കിയ ഗുജറാത്തിലെ വര്‍ഗീയ കലാപത്തിന് ശേഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ രാജിവെപ്പിക്കാൻ വാജ്പേയി തീരുമാനിച്ചിരുന്നു. മോദി രാജി വെക്കാന്‍ തയാറാകുന്നില്ലെങ്കില്‍ ഗുജറാത്ത് സർക്കാരിനെ തന്നെ പിരിച്ചുവിടണമെന്നും 2002 ല്‍ ഗോവയിൽ നടന്ന ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽ വാജ്പേയ് പറഞ്ഞിരുന്നു. എന്നാൽ ആഭ്യന്തരമന്ത്രിയായിരുന്നു എൽ.കെ അദ്വാനി തീരുമാനത്തിനെതിരെ തിരിയുകയും ഭീഷണി മുഴക്കിയതിനെ തുടർന്ന് വാജ്പേയി തീരുമാനം മാറ്റുകയുമായിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.

‘ഗോദ്ര കലാപത്തിന് ശേഷം നടന്ന പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. ഈ ചർച്ചയില്‍ അദ്വാനി തീരുമാനത്തിനെതിരെ രംഗത്ത് വരികയായിരുന്നു. മോദിയെ പുറത്താക്കിയാൽ കേന്ദ്ര സർക്കാരിൽ നിന്ന് താനും രാജിവെക്കുമെന്ന് അദ്വാനി നിലപാടെടുത്തു. ഇതിനെ തുടർന്നാണ് വാജ്പേയി മോദിയെ പുറത്താക്കാനുള്ള  തീരുമാനം മാറ്റിയത്’ – യശ്വന്ത് സിന്‍ഹ പറഞ്ഞു.