കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ്: സർക്കാർ നിബന്ധന മൗലികാവകാശത്തെ ഹനിക്കുന്നത്; ഹൈക്കോടതിയിൽ ഹർജി

Jaihind Webdesk
Saturday, August 7, 2021

 

കൊച്ചി : കടകളിൽ പോകാൻ വാക്സിന്‍ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി. ചാലക്കുടി സ്വദേശി പോളി വടക്കനാണ് ഹൈക്കോടതിയെ സമീപിച്ചത്. മരുന്നുകളോട് അലർജി ഉള്ളവർക്ക് ടെസ്റ്റ് ഡോസ് എടുത്തതിന് ശേഷം വാക്സിൻ സ്വീകരിക്കാൻ സംവിധാനമില്ലാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

സർക്കാരിന്‍റെ പരിഷ്കരിച്ച മാനദണ്ഡമനുസരിച്ച് വാക്സിന്‍ എടുത്തവർക്കോ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കോ ആണ് കടകളില്‍ പോകാനുള്‍പ്പെടെ പുറത്തിറങ്ങാനാവുക. ഇതനുസരിച്ച് അവശ്യ സാധനങ്ങള്‍ വാങ്ങാനിറങ്ങുന്നവര്‍ എല്ലാ ദിവസവും ആർടിപിസിആർ ചെയ്യേണ്ടിവരുമെന്നതാണ് നിലവിലെ പരിഷ്കാരത്തിലെ അപാകത. അലർജി രോഗിയായ ഹർജിക്കാരന് ഏത് ഇംഗ്ലിഷ് മരുന്ന് സ്വീകരിക്കുന്നതിന് മുമ്പും ടെസ്റ്റ് ഡോസ് സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി നിരവധി ആശുപത്രികളെ സമീപിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ മാർഗനിർദേശം നൽകിയിട്ടില്ലെന്നായിരുന്നു മറുപടി. ഇതു കാണിച്ച് ഡിഎംഒയ്ക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. അലർജി പ്രശ്നമുള്ളവർക്ക് വാക്സിൻ നൽകാനാവില്ലെന്നാണ് ആശുപത്രികളുടെ നിലപാട്.

ഈ സാഹചര്യത്തിലാണ് പോളി വടക്കന്‍ കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിന്‍റെ പുതിയ അൺലോക്ക് കോവിഡ് മാനദണ്ഡങ്ങൾ ഭരണഘടനാ വിരുദ്ധവും മൗലിക അവകാശത്തെ ഹനിക്കുന്നതാണെന്നും ഹർജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി തിങ്കളാഴ്ച ഹർജി പരിഗണിക്കും. ജസ്റ്റിസ് പി.ബി സുരേഷ് കുമാറാണ് ഹർജി പരിഗണിക്കുന്നത്.