ശബരിമല വിഷയം: അടിയന്തരപ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം സഭവിട്ടു

Jaihind Webdesk
Wednesday, November 28, 2018

Assembly

ശബരിമല വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ സ്തംഭിച്ചു. പ്രക്ഷ്ബുധമായതിനെ തുടർന്ന് നടപടിക്രമങ്ങൾ പുർത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു. അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. വിശ്വാസികളെ സംഘപരിവാറിന് തീറെഴുതി കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

ശബരമല വിഷയത്തില്‍ വി.എസ് ശിവകുമാറാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. ഇതുസംബന്ധിച്ച് എസ് ശർമ ക്രമപ്രശ്നം ഉന്നയിച്ചെങ്കെിലും സ്പീക്കർ തള്ളി. സർക്കാർ ശബരിമലയിൽ പോലീസ് രാജാണ് നടപ്പാക്കുന്നത് എന്ന് ശിവകുമാർ പറഞ്ഞു. ശബരിമല വിധി സർക്കാർ ചോദിച്ചു വാങ്ങിയതാണ്. ദേവസ്വം ബോർഡിനെ സർക്കാർ കൂച്ചുവിലങ്ങിട്ടതായും അദ്ദേഹം ആരോപിച്ചു.

അതേസമയം പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നിഷേധിച്ചു.സർക്കാർ വിശ്വാസികൾക്ക് ഒപ്പമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തുടർന്ന് സ്പീക്കർ പ്രതിപക്ഷ ആവശ്യം നിഷേധിച്ചു. മുഖ്യമന്ത്രി ദന്തഗോപുരത്തിൽ നിന്ന് ഇറങ്ങി വരണമെന്ന് തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയിൽ സർക്കാർ ഭക്തരെ ഭയപെടുത്തുകയാണ്. പിണറായി വിജയൻ പാർട്ടിയുടെ മാത്രം മുഖ്യമന്ത്രി അല്ല കേരളത്തിന്‍റെ മുഖ്യമന്ത്രിയാണെന്നത് മറക്കരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ അനാവശ്യ തിടുക്കമാണ് കാട്ടിയത്. ശബരിമലയിൽ വർഗീയ വാദികളെ നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. എത്ര ശ്രമിച്ചാലും കേരളത്തിന്‍റെ മതേതര മനസ് മാറ്റാൻ ആർ.എസ്.എസിന് കഴിയില്ല. സർക്കാർ നിലപാടിന് എതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇതോടെ പ്രതിഷേധ മുദ്രവാക്യങ്ങളുമായി പ്രതിപക്ഷം ഒന്നടങ്കം സഭയുടെ നടുത്തളത്തിലറങ്ങി. പ്രതിഷേധം കനത്തതോടെ നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിയുകയാണെന്ന് സ്പീക്കർ അറിയിച്ചു.