ഖഷോഗിയുടെ കൊലപാതകം : സൗദിയുടെ വിശദീകരണം തള്ളി അമേരിക്കയും ബ്രിട്ടനും

Jaihind Webdesk
Tuesday, October 23, 2018

സൗദി എഴുത്തുകാരനും വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റുമായ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദിയുടെ വിശദീകരണം തള്ളി അമേരിക്കയും ബ്രിട്ടനും. എങ്കിലും സൗദിയുമായുള്ള സഹകരണം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനിടയിൽ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് വാഹന പരിശോധന നടത്താൻ തുർക്കി അന്വേഷണ സംഘത്തിന്, സൗദി അനുമതി നിഷേധിച്ചു.

നിരവധി തവണ നിഷേധിച്ച ശേഷം ജമാൽ ഖഷോഗിയുടെ കൊലപ്പെട്ടതാണെന്ന വിവരം ഇന്നലെയാണ് സൗദി സ്ഥിരീകരിച്ചത്. അബദ്ധത്തിൽ സംഭവിച്ചതാണെന്നും ബലപ്രയോഗത്തിനിടെയായിരുന്നു ഖഷോഗിയുടെ മരണമെന്നുമായിരുന്നു സൗദിയുടെ വിശദീകരണം. കൊലപാതകവുമായി കിരീടാവകാശി മുഹമ്മദ് ബിൻ രാജകുമാരന് ബന്ധമില്ലെന്നും സൗദി വ്യക്തമാക്കിയിരുന്നു. ഈ വിശദീകരണമാണ് അമേരിക്കയും ബ്രിട്ടനും തള്ളിയത്. സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഖഷോഗി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാൻ ഇത്രയും സമയമെടുത്തതിനെ വിമർശിച്ചു. യാഥാർത്ഥ്യം അറിയാൻ അമേരിക്കയ്ക്ക് തുർക്കിയിൽ സന്നാഹങ്ങളുണ്ടെന്നും അത് ഇന്നത്തോടെ വ്യക്തമാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം സൗദിയുമായുള്ള സഹകരണം അവസിനിപ്പിക്കാൻ തയ്യാറല്ലെന്ന നിലപാട് ട്രംപ് ആവർത്തിച്ചു.

ഇതിനുപിന്നാലെ അമേരിക്കൻ ട്രഷറി സെക്രട്ടറി സ്റ്റീവൻ നൂച്ചിൻ റിയാദിൽ സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. സൗദിയുടെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്ന് ബ്രിട്ടനും പ്രതികരിച്ചു. കൊലപാതകത്തിന് ഉത്തരവാദികളായവർ തക്ക ശിക്ഷ അനുഭവിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് പറഞ്ഞു.

അതേസമയം ഖഷോഗിയുടെ കൊലപാതകത്തിൽ ആശങ്കകൾ ഉണ്ടെങ്കിലും തൽക്കാലം സൗദിക്കൊപ്പമാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രതികരിച്ചു. സത്യാവസ്ഥ ഇന്ന് പാർലമെന്‍റിനെ അറിയിക്കുമെന്ന് തുർക്കി പ്രസിഡന്‍റ് ത്വയിപ് എർദോഗനും വ്യക്തമാക്കി.