പന്തീരാങ്കാവിലെ യു.എ.പി.എ അറസ്റ്റ് ; പോലീസ് അന്വേഷണം നിരീക്ഷിച്ച് എന്‍.ഐ.എ

പന്തീരാങ്കാവിൽ സി.പി.എം പ്രവർത്തകരെ മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരിൽ അറസ്റ്റ് ചെയ്ത പോലീസിന്‍റെ അന്വേഷണം നിരീക്ഷിച്ച് എൻ.ഐ.എ. ലോക്കൽ പൊലീസിന് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്ന റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. കേസിൽ യു.എ.പി.എ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചാൽ കേസന്വേഷണം എൻ.ഐ.എ ഏറ്റെടുക്കാനാണ് സാധ്യത.

യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫൈസൽ എന്നിവരെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. കേസിൽ തുടക്കം മുതൽ ലോക്കൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ഇന്‍റലിജൻസ് റിപ്പോർട്ടുണ്ട്. പ്രതികളുടെ വീട്ടിൽ മുന്നൊരുക്കമില്ലാതെ റെയ്ഡ് നടത്തിയതുൾപ്പടെയുള്ള വീഴ്ച പരാമർശിച്ചാണ് ഇന്‍റലിജൻസ് റിപ്പോർട്ട്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഇരുവരുടേയും അറസ്റ്റുമായി ബന്ധപ്പെട്ടും, തുടർന്നുള്ള പാർട്ടി നടപടിയിലും അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്.

ഇതിനിടെ എൻ.ഐ.എ കൊച്ചി യൂണിറ്റിലെ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള അലൻ, താഹ എന്നിവരെ ചോദ്യം ചെയ്ത സംഘം, അന്വേഷണ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. പൊലീസിനൊപ്പം സമാന്തരമായി അന്വേഷണം നടത്താനാണ് എൻ.ഐ.എ ആലോചിക്കുന്നത്. ഇരുവരുടേയും മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ എൻ.ഐ.എ ശേഖരിച്ചിട്ടുണ്ട്. കേസിൽ യു.എ.പി.എ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചാൽ കേസന്വേഷണം എൻ.ഐ.എ ഏറ്റെടുക്കാനാണ് സാധ്യത. മുൻപും യു.എ.പി.എ ഒഴിവാക്കിയ കേസുകൾ എൻ.ഐ.എ ഏറ്റെടുത്ത ചരിത്രമുണ്ട്.

UAPANIA
Comments (0)
Add Comment