ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗർ കുറ്റക്കാരനെന്ന് കോടതി. സെന്‍ഗര്‍ അടക്കം ഒമ്പത് പേരാണ് കേസിലെ പ്രതികള്‍. ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളാണ് എം.എൽ.എ അടക്കമുള്ളവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം കൂട്ടുപ്രതി ശശി സിംഗിനെ കോടതി വെറുതെ വിട്ടു. കേസിലെ ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.
2017 ലാണ് കേസിനാസ്പദമായ സംഭവം. 2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് വീട്ടിലെത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബി.ജെ.പി എം.എ.ൽഎ കുൽദീപ് സിംഗ് സെൻഗർ പീഡിപ്പിച്ചുവെന്നതാണ് കേസ്. പോലീസ് പരാതി സ്വീകരിച്ചില്ലെങ്കിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുന്നിൽ തീകൊളുത്തി മരിക്കുമെന്ന് പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ നാല് തവണ ബി.ജെ.പി എം.എൽ.എ ആയിരുന്ന സെന്‍ഗാറിനെതിരെ നടപടിയെടുക്കാന് ബി.ജെ.പി നേതൃത്വം നിർബന്ധിതരാവുകയായിരുന്നു. തുടർന്ന് സെന്‍ഗാറിനെ 2019 ഓഗസ്റ്റിൽ പാർട്ടിയിൽ നിന്ന് പുറത്താക്കി.
2018 ഏപ്രില്‍ 9ന് പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. പിന്നീടു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. സെന്‍ഗാറിന്‍റെ ആളുകളില്‍ നിന്ന് വധഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് പെണ്‍കുട്ടിയും കുടുംബവും പരാതിപ്പെട്ടിരുന്നു. ഇത് ശരിവെക്കുന്ന തരത്തില്‍ കഴിഞ്ഞ ജൂണില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഉന്നാവിൽ നിന്നും റായ്ബറേലിയിലേക്ക് പോകുംവഴി പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ സംശയകരമായ സാഹചര്യത്തില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു. 2019 ജൂൺ 28ന് വാഹനാപകടത്തിൽ പരിക്കേറ്റ പെൺകുട്ടിയെ ഓഗസ്റ്റ് ആറിനാണ് ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. സുപ്രീം കോടതി ഇടപെട്ടാണ് പെൺകുട്ടിയെ എയിംസിലേക്ക് മാറ്റിയത്.
കേസിൽ ബി.ജെ.പി എം.എൽ.എ ജയിലിലാണ്. ഇയാൾക്കെതിരെ പോക്‌സോ അടക്കം ചുമത്തിയിട്ടുണ്ട്. ഇരയായ പെണ്‍കുട്ടിക്ക് സംഭവം നടക്കുമ്പോള്‍ 18 വയസിന് മുകളില്‍ പ്രായമുണ്ടെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും വാദം തള്ളിയ കോടതി പോക്‌സോ ചുമത്തുകയായിരുന്നു. പീഡനം, തട്ടിക്കൊണ്ടു പോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കണ്ടാണ് കോടതി കേസ് ചാര്‍ജ് ചെയ്തത്. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ലഖ്‌നൗവിലെ കോടതിയിൽ നിന്നും തീസ് ഹസാരി കോടതിയിലേക്ക് മാറ്റിയ കേസിൽ ഓഗസ്റ്റ് അഞ്ച് മുതൽ വാദം കേള്‍ക്കുകയാണ്. വിചാരണ അവസാനിപ്പിക്കാൻ 45 ദിവസത്തെ സമയം കോടതി നൽകിയിരുന്നു.