ജൂബിലി നവപ്രഭയുടെ നിയമനം: മിനിറ്റ്സില്‍ തിരിമറി; രജിസ്ട്രാര്‍ തെറിച്ചു

Jaihind Webdesk
Saturday, November 17, 2018

G_Sudhakaran-and-wife

മന്ത്രി ജി സുധാകരന്‍റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ സർവകലാശാലയിൽ വഹിച്ചിരുന്ന തസ്തിക സ്ഥിരപ്പെടുത്താൻ സിൻഡിക്കേറ്റ് കൈക്കൊള്ളാത്ത തീരുമാനം മിനിറ്റ്‌സിൽ തിരുകിക്കയറ്റിയെന്ന് സൂചന. നിയമനം വിവാദമായതോടെ അവർ സർവകലാശാലയിലെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടർ സ്ഥാനം രാജിവെച്ചിരുന്നു.

സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടർ തസ്തിക സ്ഥിരമാക്കാനുള്ള തീരുമാനം സെപ്തംബർ 24ലെ സർവകലാശാല സിൻഡിക്കേറ്റിന്‍റെ മിനിറ്റ്‌സിലാണ് രേഖപ്പെടുത്തിയത്. ഇതിനായി സർവകലാശാല നിയമം ഭേദഗതി ചെയ്യാനുള്ള ശുപാർശ നൽകാൻ രജിസ്ട്രാറെ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയെന്നാണ് മിനിറ്റ്‌സിലുണ്ടായിരുന്നത്. അങ്ങനെയൊരു തീരുമാനം സിൻഡിക്കേറ്റ് എടുത്തിട്ടില്ലെന്ന് ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ധാരണയായതോടെ രജിസ്ട്രാറുടെ ചുമതലയിൽ നിന്നും ഡോ. ആർ ജയചന്ദ്രനെ സിൻഡിക്കേറ്റ് നീക്കം ചെയ്തിട്ടുണ്ട്. സിൻഡിക്കേറ്റ് യോഗം തീരുമാനമെടുക്കാത്ത കാര്യം മിനിറ്റ്‌സിൽ ഉൾപ്പെട്ടുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കൽ.

എന്നാൽ മിനിറ്റ്‌സിന്‍റെ കൈയെഴുത്തു പ്രതി നഷ്ടപ്പെട്ടെന്നും ഒക്‌ടോബറിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം ഇക്കാര്യം അംഗീകരിച്ചതാണെന്നും ജയചന്ദ്രൻ സിൻഡിക്കേറ്റ് യോഗത്തിൽ വാദമുയർത്തിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. മിനിറ്റ്‌സിൽ ക്രമക്കേടുണ്ടായതിനെക്കുറിച്ച് വൈസ് ചാൻസിലർ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ നൽകണമെന്നാണ് സിൻഡിക്കേറ്റിന്‍റെ നിർദേശം. മിനിറ്റ്‌സ് തയാറാക്കുന്ന ചുമതലയിൽ നിന്നും ജോയിന്‍റ് രജിസ്ട്രാർ ഉണ്ണികൃഷ്ണനെയും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ജൂബിലി നവപ്രഭയുടെ നിയമനം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പുറത്തുവന്നേക്കുമെന്നും സൂചനയുണ്ട്.