യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ സംഘർഷം ഒതുക്കി തീർത്ത് കേസ് അട്ടിമറിക്കാൻ ഗൂഢനീക്കമെന്ന് സൂചന. ഇതിന്‍റെ ഭാഗമായി പൊലീസും എസ്.എഫ്.ഐയും ഒത്തുകളിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തെ തുടർന്നു നടക്കുന്ന പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് കേസ് അട്ടിമറിക്കാൻ പൊലീസും എസ്.എഫ്.ഐയും ഒത്തുകളിക്കുന്നുവെന്ന ആരോപണം ശക്തമാവുന്നത്. കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ചിത്തിനെ തെളിവെടുപ്പിനായി കോളേജിൽ എത്തിച്ചെങ്കിലും കോളേജ് അധികൃതർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദമുയർത്തിയ അന്വേഷണ സംഘം കുറച്ചു സമയത്തിന് ശേഷം പുറത്തു പോകുകയായിരുന്നു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോയവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം പൊലീസ് ക്യാമ്പസ് വിട്ട് പുറത്തു പോകണമെന്നും കോളേജിലെ എസ്.എഫ്.ഐ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു.
ഇതേത്തുടർന്ന് തങ്ങൾക്ക് ഇനി ക്യാമ്പസിൽ തുടരാനാവില്ലെന്ന പൊലീസ് നിലപാടും ദുരൂഹതയുണർത്തുന്നു. നിലവിൽ കേസ് അട്ടിമറിക്കാനുള്ള ഗൂഡ നീക്കത്തിന്റെ ഭാഗമായുള്ള പൊലീസ് – എസ്.എഫ്.ഐ ഒത്തുകളിയാണ് ഇതിലൂടെ മറനീക്കി പുറത്തു വരുന്നത്.