കൊച്ചി: കാലടി സംസ്കൃത സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നേതൃത്വം നൽകി യൂണിവേഴ്സിറ്റി അധികൃതര്. വോട്ട് രേഖപ്പെടുത്തുന്നവർ ആർക്കാണ് രേഖപ്പെടുത്തിയത് എന്ന് തിരിച്ചറിയും വിധം ബാലറ്റ് പേപ്പറിൽ സീരിയൽ നമ്പർ രേഖപ്പെടുത്തുകയായിരുന്നു. പ്രചരണ രംഗത്ത് ക്യാമ്പസിൽ കടുത്ത മത്സര സാഹചര്യം നിലനിന്ന പശ്ചാത്തലത്തിലാണ് അധികാരികൾ എസ്എഫ്ഐ നിർദ്ദേശത്തെ തുടർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നൽകിയതെന്ന് കെഎസ്യു യൂണിറ്റ് കമ്മിറ്റി ആരോപിച്ചു.
കടുത്ത വിഭാഗീയതയെ തുടർന്ന് വിവിധ ഡിപ്പാർട്ട്മെന്റുകളിൽ എസ്.എഫ്.ഐ വലിയ പരാജയ ഭീതിയിലായിരുന്നു. ട്രാൻസ്ജെന്ഡർ യുവതി നാദിറ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ചത് വലിയ വാർത്ത സൃഷ്ടിച്ചിരുന്നു. നാദിറക്കെതിരെ എസ്.എഫ്.ഐ നടത്തിയ പ്രചരണങ്ങളിൽ വലിയ പ്രതിഷേധവും ക്യാമ്പസിലെ വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടായിരുന്നു. കെഎസ്യു സ്ഥാനാർത്ഥികൾക്ക് അടക്കം വിജയ സാധ്യതയുള്ള ഡിപ്പാർട്ട്മെന്റിൽ ആർക്കാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് അറിയാൻ സാധിക്കുമെന്നും വോട്ട് ചെയ്യാത്ത പക്ഷം പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് നിരവധി വിദ്യാർത്ഥികളെ എസ്.എഫ്.ഐ നേതാക്കൾ തെരഞ്ഞെടുപ്പിന് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു.
ബാലറ്റ് പേപ്പർ ലഭിച്ചപ്പോഴാണ് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനായി യൂണിവേഴ്സിറ്റി അധികാരികൾ നടത്തിയിട്ടുള്ള ശ്രമങ്ങൾ വിദ്യാർത്ഥികൾക്ക് മനസിലാക്കാൻ സാധിച്ചത്. യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് രഹസ്യ ബാലറ്റാണ് വേണ്ടതെന്ന് കൃത്യമായി പറയുന്നുണ്ട്. യൂണിവേഴ്സ്റ്റി നിയമത്തിന് വിരുദ്ധമായി ജനാധിപത്യത്തെ അട്ടിമറിച്ച അധികാരികൾക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് കെഎസ്യു വ്യക്തമാക്കി.