മോദി സര്‍ക്കാരിന്‍റെ അവസാന വര്‍ഷ ഇടക്കാല ബജറ്റ് വരുന്ന ലോക്സഭാതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രകടനപത്രിക ആയാണ് രാഷ്ട്രീയ നിരീക്ഷകരും സാമ്പത്തികവിദഗ്ധരും വിലയിരുത്തുന്നത്. ലോക്സഭയില്‍ ബി.ജെ.പി എം.പിമാര്‍ മോദി, മോദി എന്ന ആര്‍പ്പുവിളികളോടെയായിരുന്നു ബജറ്റിനെ സ്വീകരിച്ചതെങ്കില്‍ നടക്കാത്ത സുന്ദരമായ സ്വപ്നങ്ങളായാണ്പ്രതിപക്ഷവും സാമ്പത്തികവിദഗ്ധരും ബജറ്റിനെ കാണുന്നത്.
കാര്‍ഷികമേഖലയ്ക്ക് നടത്തിയ പ്രഖ്യാപനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ രോഷം തണുപ്പിക്കാനുള്ള പൊടിക്കൈ മാത്രമാണ്. ഒരു ലക്ഷം ഗ്രാമങ്ങള്‍ ഡിജിറ്റലാക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും റെയില്‍വേയ്ക്ക് 64,587 കോടി രൂപ ബജറ്റില്‍ നീക്കിവെക്കുമ്പോഴും റെയില്‍വേയുടെ പദ്ധതികളെക്കുറിച്ചും വരവുചെലവ് കണക്കിനെക്കുറിച്ചും മൌനം പാലിക്കുന്നു. പശുക്ഷേമത്തിനായി 750 കോടി രൂപ നീക്കിവെച്ചത് ഹിന്ദുത്വ അജണ്ടയായി വ്യാഖ്യാനിക്കപ്പെടുന്നു.
ആദായനികുതി പരിധി അഞ്ച് ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതാണ് ഇടത്തരക്കാരന് ബജറ്റിലുള്ള ഏക നേട്ടം. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൌണ്ടില്‍ നല്‍കുമെന്ന് പറഞ്ഞത് എത്രത്തോളം പ്രായോഗികമാകും എന്നത് കണ്ടറിയണം. 60 വയസിന് മുകളിലുള്ള അസംഘടിത തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രതിമാസം 100 രൂപ അടച്ചുവേണം ഇതിന് അര്‍ഹത നേടാനെന്നത് സാധാരണ തൊഴിലാളികള്‍ക്ക് എത്രത്തോളം ഗുണകരമാകുമെന്നതിലും അവ്യക്തതകള്‍ നിലനില്‍ക്കുന്നു.
തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത് മോദി ഭരണത്തിലാണ്. ഒരു കോടി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം പറയുന്നുണ്ടെങ്കിലും ഇതിന്‍റെ പ്രായോഗികതയും മോദി ഭരണത്തിലെ തൊഴിലില്ലായ്മ നിരക്കും ചേര്‍ത്തുവായിക്കപ്പെടേണ്ടതാണ്.
പ്രഖ്യാപനങ്ങളെല്ലാം മന്ത്രി പിയൂഷ് ഗോയല്‍ നടത്തിയെങ്കിലും അടുത്തുവരുന്ന സര്‍ക്കാരാണ് ഇത് നടപ്പാക്കേണ്ടതെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും മോദിക്കും ഭരണം നിലനിര്‍ത്താനായില്ലെങ്കില്‍ ഈ പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായി മാറും. അതുകൊണ്ടുതന്നെ അഞ്ചാം വര്‍ഷത്തില്‍ പ്രഖ്യാനങ്ങളുടെ പെരുമഴ പെയ്യിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മാനിഫെസ്റ്റോ ആയി മാത്രമേ രാഷ്ട്രീയ നിരീക്ഷകരും സാമ്പത്തികവിദഗ്ധരും കാണുന്നുള്ളൂ. നാല് വര്‍ഷത്തെ മോദി ഭരണത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട രാജ്യത്തെ ജനങ്ങളും ഈ ബജറ്റിനെ കാണുന്നത് മറ്റൊരു തരത്തിലാവില്ല.