കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ സംസ്ഥാന സർക്കാരിന് തണുപ്പന്‍ മട്ട്; ഒറ്റക്കെട്ടായ ജനകീയ പ്രതിഷേധം വേണം: എം.എം. ഹസന്‍

Jaihind Webdesk
Sunday, July 28, 2024

 

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ച അവഗണനയ്ക്കും അനീതിയ്ക്കും എതിരെ പ്രതിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകുന്നതിന് പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശ്യങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കുന്നതായി യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍. ബജറ്റിലെ കേന്ദ്ര അവഗണനക്കെതിരെ ഒറ്റക്കെട്ടായ ജനകീയ പ്രതിഷേധം ശക്തമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കാന്‍ ഇനിയും അല്‍പം പോലും വൈകരുതെന്നും എം.എം. ഹസന്‍ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്‍റെ അവഗണനക്കെതിരെ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടായിട്ടില്ല. സംസ്ഥാന താല്‍പര്യത്തേക്കാള്‍ മുന്‍ഗണന സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് നല്‍കുന്നതിനാലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു മൃദുസമീപനം ഉണ്ടാകുന്നതെന്നും ഹസന്‍ കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനമാണ് കേന്ദ്ര ബജറ്റ് സ്വീകരിക്കുന്നതെന്ന് പ്രതികരിച്ച മുഖ്യമന്ത്രി കേരളത്തിന്‍റെ ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ ആവര്‍ത്തിക്കാന്‍ യോജിച്ച ശ്രമം നടത്തണമെന്ന് പ്രഖ്യാപിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അതിനുള്ള നടപടികളൊന്നും സ്വീകരിക്കുന്നില്ല. ഇതെല്ലാം ഒഴുക്കന്‍ മട്ടിലുള്ള സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമായേ കാണാനാകൂ. ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഇതിനോടകം നിയമസഭാ സമ്മേളനം അടിയന്തരമായി വിളിച്ചു കൂട്ടി കേരളത്തിന്‍റെ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം കേരളത്തിലെ മുഴുവന്‍ എംപിമാരെയും അണിനിരത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും നേരില്‍ക്കണ്ട് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഇടെപടലുകള്‍ നടത്തുമായിരുന്നു. എന്നാലതിന് ഇതുവരെ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് എം.എം. ഹസന്‍ കുറ്റപ്പെടുത്തി.

ഇത്രയേറെ അവഗണന നേരിട്ട് കേന്ദ്ര ബജറ്റ് കേരളചരിത്രത്തില്‍ ആദ്യമാണ്. 24,000 കോടിയുടെ സാമ്പത്തിക പാക്കേജ് പരിഗണിക്കുക പോലും ചെയ്തില്ല. വിഴിഞ്ഞം തുറമുഖത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ആവശ്യപ്പെട്ട 5000 കോടിയുടെ പാക്കേജും അവഗണിച്ചു. ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായുള്ള സ്ഥലമെടുപ്പിന് സംസ്ഥാനത്തിന്‍റെ വിഹിതമായ 6000 കോടി രൂപയും അനുവദിച്ചില്ല.കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ സംസ്ഥാനം ചെലവാക്കിയ 3686 കോടി രൂപ കിട്ടുമോ എന്ന പ്രതീക്ഷ പോലുമില്ല. റെയില്‍വേ വികസനം കീറാമുട്ടിയായി ഇപ്പോഴും കേരളത്തില്‍ തുടരുകയാണെന്നും എം.എം. ഹസന്‍ ചൂണ്ടിക്കാട്ടി.