മന്ത്രി എ കെ ബാലന്റെ വകയും അനധികൃതനിയമനം; നാലുപേര്‍ക്ക് നിയമം മറികടന്ന് നിയമനം

ബന്ധുനിയമനത്തിലൂടെയും അനധികൃതനിയമനത്തിലൂടെയും കുപ്രസിദ്ധിയാര്‍ജ്ജിച്ച പിണറായി മന്ത്രിസഭയില്‍ മന്ത്രി എ.കെ ബാലന്റെ വകുപ്പുകളിലും അനധികൃത നിയമനമെന്ന് ആക്ഷേപം. ആവശ്യത്തിന് യോഗ്യതയില്ലാതെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനമെന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് കിര്‍ത്താഡ്സില്‍ അഡീഷണല്‍പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണ്‍, എഴുത്തുകാരി ഇന്ദുമേനോന്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തി നിയമനം നല്‍കിയിരിക്കുകയാണ്. അസാധരണ സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന ചട്ടം 39 ദുരുപയോഗം ചെയ്താണ് നിയമനം.

പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പിന് കീഴിലുള്ള കോഴിക്കോട് കിര്‍ത്താഡ്സിലെ താല്‍കാലിക ജീവനക്കാരായിരുന്നു എ. മണിഭൂഷണ്‍, എഴുത്തുകാരി ഇന്ദു വി. മേനോന്‍, മിനി പി.വി, സജിത്ത് കുമാര്‍ എസ്.വി എന്നിവര്‍. കരാര്‍ അടിസ്ഥാനത്തില്‍ കിര്‍താഡ്സില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍ക്ക് 2007ല്‍ നിലവില്‍ വന്ന കിര്‍താഡ്സ് സ്പെഷ്യല്‍ റൂള്‍ പ്രകാരമുള്ള യോഗ്യതയുണ്ടായിരുന്നില്ല. സ്പെഷ്യല്‍ റൂള്‍ മറികടന്ന് നിയമനം സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ സവിശേഷ അധികാരമായ റൂള്‍ 39ഉപയോഗിച്ച് നിയമനം നല്‍കുകയായിരുന്നു.

മണിഭൂഷണ്‍ മന്ത്രി എ.കെ ബാലന്റെ അഡീഷണല്‍പ്രൈവറ്റ് സെക്രട്ടറിയായതിന് പിന്നാലെ തന്നെ സ്ഥിരം നിയമനത്തിനുള്ള അംഗീകാരവും ലഭിച്ചു. എം.എ ബിരുദം മാത്രമുള്ള മണിഭൂഷനെയാണ് ആന്ത്രപ്പോളജിയില്‍ ബിരുദാനന്തരബിരുദവും എം ഫിലും വേണ്ട ലക്ചര്‍ പോസ്റ്റില്‍ നിയമിച്ചത്. ഇന്ദുമേനോന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദമാണുള്ളത്. നിപ്പ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്, വരാപ്പുഴയിലെ ശ്രീജിത്തിന്റെ ഭാര്യ അഖില, മാന്‍ഹോളില്‍ വീണുമരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീന എന്നിവരാണ് റൂള്‍ 39 അനുസരിച്ച് ഈയടുത്ത് ജോലിയില്‍ പ്രവേശിച്ചത്. ധനവകുപ്പും നിയമവകുപ്പും ഭരണപരിഷ്‌കരണവകുപ്പും ഉന്നയിച്ച എതിര്‍പ്പുകള്‍ മറികടന്നാണ് ഇതേ പട്ടികയില്‍ പെടുത്തി ഇപ്പോഴത്തെ നിയമനം നടത്തിയിരിക്കുന്നത്.

യോഗ്യതയുള്ള നിരവധി പേര്‍ പുറത്തുനില്‍ക്കുമ്പോഴാണ് അയോഗ്യരെ ഇങ്ങനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരുകിക്കയറ്റുന്നത്. മന്ത്രിയുടെ ഓഫീസില്‍ പ്രധാനസ്ഥാനത്തിരിക്കുന്നവര്‍ക്കുള്‍പ്പെടെയാണ് നിയമന അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് കാണുമ്പോള്‍ സ്വജന പക്ഷപാതവും വ്യക്തം. തുടക്കം മുതല്‍ ബന്ധുജന നിയമനവിവാദങ്ങള്‍ വിട്ട?ഴിയാത്ത സര്‍ക്കാരിനെ ഈ സ്വജനനിയമനവും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

Comments (0)
Add Comment