രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ജയ്പൂരിൽ നടന്ന യുവ ആക്രോശ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മുഖമുദ്ര ആയിരുന്ന സാഹോദര്യം, ഒരുമ, സ്നേഹം എന്നിവയെല്ലാം മോദി സർക്കാർ തകർത്തുവെന്ന് രാഹുൽ ഗാന്ധി. രാജ്യം നേരിടുന്ന യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ല. രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി യുവാക്കളാണ്. രാജ്യത്തെ ഇന്നത്തെ സാഹചര്യത്തിൽ നിന്നും കരകയറ്റാൻ യുവാക്കൾക്ക് മാത്രമേ കഴിയൂ എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വ്യാജവാഗ്ദാനങ്ങൾ നൽകാൻ മാത്രമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറിയാവുന്നതെന്നു രാഹുൽ ഗാന്ധി. മോദിയ്ക്കു സാമ്പത്തിക രംഗത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും പഴയ അളവുകോലുകൾ പ്രകാരമാണെങ്കിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 2.5% മാത്രമാണെന്നും രാഹുൽ പറഞ്ഞു. യുപിഎ ഭരണകാലത്തു 9% വളർച്ചയുണ്ടായിരുന്ന സ്ഥാനത്താണിത്. പുതിയ അളവുകോലുകൾപ്രകാരമാണു സർക്കാർ 5% വളർച്ച അവകാശപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജയ്പൂരിലെ ‘യുവ ആക്രോശ് റാലി’യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. ഏതെങ്കിലും സർവകലാശാലകളിലെത്തി യുവാക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
“ഈ ചോദ്യങ്ങൾ തൊഴിലില്ലായ്മ, രാജ്യത്തെ ഭിന്നിപ്പിക്കുക, രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ടതാണ്. പ്രധാനമന്ത്രിക്ക് ഉത്തരം നൽകാൻ കഴിയില്ല, തെറ്റായ വാഗ്ദാനങ്ങൾ നൽകാൻ മാത്രമേ അദ്ദേഹത്തിന് കഴിയൂ” രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.
“ഓരോ തലമുറയ്ക്കും അതിന്റേതായ ഉത്തരവാദിത്തമുണ്ട്. ഞങ്ങൾക്ക് മുമ്പിലുള്ള വെല്ലുവിളികൾ വലുതാണ്, പക്ഷേ നിങ്ങൾ ഭയപ്പെടേണ്ടതില്ല. ഞങ്ങളുടെ ഏറ്റവും വലിയ ശക്തി നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലുമാണ്, അതാണ് ഇന്ത്യയിലെ യുവാക്കൾ, ”രാഹുൽ ഗാന്ധി പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് സമ്പദ്വ്യവസ്ഥയെക്കുറിച്ച് യാതൊന്നും അറിയില്ലെന്നും കുറ്റപ്പെടുത്തി. മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) വളർച്ച 2.5 ശതമാനം മാത്രമാണ്. യുപിഎ ഭരണത്തില്‍ ഇന്ത്യ ഇത് ഒമ്പത് ശതമാനമായിരുന്നു. ലോകം മുഴുവൻ അന്ന് ഇന്ത്യയെ ഉറ്റുനോക്കിയിരുന്നു. ഇന്ന്, ജിഡിപി അളക്കാൻ ഇന്ന് വ്യത്യസ്ത പാരാമീറ്ററുകളാണ്. അതില്‍ പോലും 5% ആണ് നിരക്ക്. പഴയ പാരാമീറ്ററുകൾ ഉപയോഗിക്കുകയാണെങ്കിൽ, ഇന്ത്യയുടെ വളർച്ച വെറും 2.5 ശതമാനം മാത്രമാണ്, രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
അംബാനി-അദാനി എന്നിവർക്കൊഴികെ ഒരു വ്യാപാരിക്കും ജിഎസ്ടിയിൽ നിന്ന് പ്രയോജനം ലഭിച്ചിട്ടില്ല. സത്യം പറഞ്ഞാൽ പ്രധാനമന്ത്രി മോദിക്ക് ഇതുവരെ ജിഎസ്ടി എന്താണെന്ന് തന്നെ മനസ്സിലായിട്ടില്ല. നോട്ട് നിരോധനം പോലെ മനുഷ്യന് ഉപകാരപ്രദമല്ലാത്ത കാര്യങ്ങൾ മാത്രമാണ് പ്രധാനമന്ത്രിക്ക് ഇതുവരെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുള്ളതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
നോട്ട് നിരോധനത്തിന്റെ പരാജയത്തില്‍ പ്രധാനമന്ത്രി മോദിയെ രൂക്ഷമായി വിമർശിച്ച രാഹുല്‍ നോട്ട് നിരോധനം നല്ലതിനേക്കാൾ ദോഷം മാത്രമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ഒരു എട്ട് വയസുകാരൻ പോലും പറയുമെന്നും കുറ്റപ്പെടുത്തി.
വിദേശരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിച്ചതിനും അദ്ദേഹം പ്രധാനമന്ത്രി മോദിയെ വിമർശിച്ചു. ലോകത്തില്‍ ഇന്ത്യയുടെ അന്തസ്സ് തിരികെ കൊണ്ടുവരണം. ഇന്ത്യ ചൈനയെ സ്നേഹം കൊണ്ട് പരാജയപ്പെടുത്തുമെന്നും മെയ്ഡ് ഇൻ ഇന്ത്യയ്ക്ക് വീണ്ടും മെയ്ഡ് ഇൻ ചൈനയെ പരാജയപ്പെടുത്താൻ കഴിയുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ലോകം ഇന്ത്യയിലെ സാഹോദര്യത്തിലേക്ക് ഉറ്റുനോക്കിയിരുന്ന ലോകജനതയുടെ ഇന്ത്യയോടുള്ള ബഹുമാനം പ്രധാനമന്ത്രി മോദി നശിപ്പിച്ചു. ലോകം പാകിസ്ഥാനെ നോക്കി ലോകം അക്രമത്തിന്റെ അന്തരീക്ഷമുള്ള രാജ്യമെന്നും ഭിന്നിച്ച രാജ്യമാണെന്നും പറയുമ്പോഴും ഇന്ത്യയിൽ ഐക്യമുണ്ടെന്ന് ഏവരും പറഞ്ഞിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.