മൂത്തകുന്നം- ഇടപ്പള്ളി റീച്ചില്‍ അണ്ടര്‍പാസുകള്‍ വേണം: ഹൈബി ഈഡന്റെ ഉപവാസ സമരം തുടരുന്നു

Jaihind News Bureau
Saturday, March 8, 2025

ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് മൂത്തകുന്നം ഇടപ്പള്ളി റീച്ചില്‍ ആവശ്യമായ പ്രദേശങ്ങളില്‍ അണ്ടര്‍പാസുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം പിയും ടി ജെ വിനോദ് എം എം എല്‍ എയും മാര്‍ച്ച് 8 ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ നിരാഹാര സമരം നടത്തുകയാണ്. ചേരാനല്ലൂര്‍ മഞ്ഞുമ്മല്‍ കവലയിലാണ് സമരം നടത്തുന്നത്.

രാവിലെ 10 മണിക്ക് ആരംഭിച്ച നിരാഹാര സമരം ഉച്ചയ്ക്ക് 12. മണിക്ക് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 മണിക്ക് സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉദ്ഘാടനം നിര്‍വഹിക്കും.

നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങളാണ് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഉടലെടുക്കുന്നത്. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം, സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണത്തിലെ അപാകതകള്‍ എന്നിവയെല്ലാം വലിയ പ്രശ്‌നങ്ങള്‍ തന്നെയാണ്. മൂത്തക്കുന്നം മുതല്‍ ഇടപ്പള്ളി വരെ ഏറെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ അണ്ടര്‍പാസുകള്‍ ആവശ്യപ്പെട്ട് നിരവധി തവണ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഹൈബി ഈഡന്‍ എം പിയും ടി ജെ വിനോദ് എം എല്‍ എയും പ്രതികരിച്ചു.