വനാതിര്‍ത്തിയില്‍ വന്യമൃഗങ്ങള്‍.. കടല്‍ത്തീരത്ത് ഖനനം… ജീവന് സംരക്ഷണം തേടി പ്രതിഷേധം

Jaihind News Bureau
Thursday, February 13, 2025

ന്യൂഡൽഹി:  വന്യജീവികളുടെ ആക്രമണത്തിൽ നിന്നും മനുഷ്യ ജീവന് സംരക്ഷണം ആവശ്യപ്പെട്ടും, കടൽ കൊള്ള നടത്തുന്ന കേന്ദ്ര സർക്കാരിന്‍റെ ഖനന നിയമത്തിനുമെതിരെ യു.ഡി.എഫ് പ്രതിഷേധം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എംപിമാർ പാർലമെന്‍റിന് മുന്നിൽ പ്രകടനം നടത്തി. കേരളത്തിൽ വന്യജീവി ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിലും കടൽ തീരത്ത് മണൽ ഖനനത്തിന് അനുമതി നൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തിനുമെതിരെയാണ് എം.പി. മാർ പ്രതിഷേധിച്ചത്.

കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഏഴു പേരാണ് വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ മാത്രം കൊല്ലപ്പെട്ടന്നതെന്നും സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നും പ്രിയങ്ക ഗാന്ധി എം. പി. മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിൽ സംസാരിക്കുമ്പോൾ ഫണ്ടുകളുടെ അപര്യാപ്തതയാണ് ചൂണ്ടിക്കാണിക്കുന്നത്. മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടുതൽ ഫണ്ട് എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.