പി.ടി ഇല്ലാതെ മഹാരാജാസിൽ ഉമയെത്തി…

Jaihind Webdesk
Saturday, May 14, 2022

തൃക്കാക്കര : മഹാരാജാസിലെ പഴയ ഡിഗ്രി സുവോളജി വിദ്യാർത്ഥിയായി ഉമാ തോമസെത്തി. നോമിനേഷൻ കൊടുത്തതു മുതൽ കോളേജിൽ പോകണമെന്ന ആഗ്രഹം പൂർത്തിയാക്കാന്‍ സ്ഥാനാർത്ഥി സമയം കണ്ടെത്തി. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഉമാ തോമസ് പൊതുപ്രവർത്തനത്തിലേക്ക് എത്തുന്നത്. കോളേജ് കാലഘട്ടത്തിൽ യൂണിയൻ കൗൺസിലറായി മത്സരിക്കുകയും പിന്നീട് വൈസ് ചെയർപേഴ്സണായി ജയിക്കുകയും ചെയ്തിട്ടുണ്ട് ഉമാ തോമസ്. ജീവിതത്തിൽ പി.ടി തോമസിനെ വിവാഹം ചെയ്തതോടെ ഉമ പി.ടിക്ക് കരുത്ത് പകർന്ന് പി.ടിയുടെ നിഴലായി മാറുകയായിരുന്നു. വീണ്ടും ആ പഴയ ക്ലാസിൽ ഓർമ്മകളുമായി ഉമാ തോമസ് അല്പനേരം ഇരുന്നു. കൂടെ മക്കളായ വിഷ്ണുവും വിവേകും മരുമകൾ ബിന്ദുവും.

പി.ടി തോമസ് എന്ന കെഎസ്‌യു നേതാവിനെ ആദ്യമായി കാണുന്നത് മീറ്റിംഗിൽ പങ്കെടുക്കാൻ മഹാരാജാസിൽ വരുമ്പോഴാണ്. അന്ന് പി.ടി തോമസ് വരാൻ വൈകിയപ്പോൾ സമയം നികത്താൻ വേദിയിൽ പാട്ട് പാടുകയായിരുന്നു ഉമ. ആ പാട്ടിനിടയിലേക്കാണ് പി.ടി കയറി വരുന്നത്. പിന്നീട് ഉമയും ഉമയുടെ പാട്ടുകളും പി.ടിയുടെ ജീവിതത്തിന്‍റെ ഭാഗമായത് ചരിത്രം.

 

മഹാരാജാസിലെ വരാന്തയിലൂടെ നടന്നുനീങ്ങുമ്പോൾ ഉമാ തോമസിന് പറയാനുണ്ടായിരുന്നത് പി.ടിയുടെ വിശേഷങ്ങൾ. ഉമ മരുമകളോട് അന്നത്തെ വിശേഷങ്ങള്‍ പങ്കുവെച്ചു. പിരിയൻ ഗോവണിയിലൂടെ പി.ടി ഇല്ലാതെ ഉമ നടന്നിറങ്ങിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞു. അല്‍പനേരം പടവുകളിൽ കലങ്ങിയ കണ്ണുകളുമായി ഉമ നിന്നു. ബിന്ദു ഉമയുടെ കണ്ണുകൾ തുടച്ച് തോളിൽ തട്ടി ആശ്വസിപ്പിച്ചു. കോളേജ് റീ യൂണിയന് വന്നവരെ നേരിൽ കണ്ട് കുശലം പറഞ്ഞപ്പോൾ ഉമ ചേച്ചിക്ക് ആശംസകൾ പറഞ്ഞാണ് യാത്രയാക്കിയത്. പഴയ വിദ്യാർത്ഥി നേതാവിന്‍റെ ഓർമ്മകളെ ഊർജമാക്കി ഉമാ തോമസ് മഹാരാജാസിൽ നിന്നും വീണ്ടും തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് നീങ്ങി.