ആലുവ സിഎസ്ഐ ബിഷപ്പ് ഹൗസും അദ്വൈതാശ്രമവും സന്ദർശിച്ച് ഉമാ തോമസ്

Monday, May 9, 2022

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാതോമസ് ആലുവ സിഎസ്ഐ ബിഷപ്പ് ഹൗസിലും അദ്വൈതാശ്രമത്തിലും സന്ദർശനം നടത്തി. ബിഷപ്പ് ഹൗസിലെത്തിയ സ്ഥാനാർത്ഥിയെ മഹാ ഇടവക സെക്രട്ടറി അഡ്വ. പി.കെ ജോസ്, ട്രഷറർ, രാജൻ ജേക്കബ് എന്നിവർ ചേർന്ന് സ്വീകരിച്ചു. സിഎസ്ഐ കൊച്ചിൻ മഹാ ഇടവക ബിഷപ്പ് റൈറ്റ് റവ. ബി.എൻ ഫെന്നുമായി ഉമാ തോമസ് കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്‍റെ അനുഗ്രഹവും പിന്തുണയും അഭ്യർത്ഥിച്ചു.

തുടർന്ന് സിഎസ്ഐ സഭാ കരുണാലയം സ്പെഷ്യൽ സ്കൂളിലെ കുട്ടികളെ സന്ദർശിച്ചു. ഉമാ തോമസിന് സ്നേഹ പൂക്കൾ നൽകിയാണ് കുട്ടികൾ സ്വീകരിച്ചത് അവരുമായി സ്നേഹം പങ്കുവെച്ചതിന് ശേഷമാണ് അവിടെ നിന്നും മടങ്ങിയത്. ആലുവ അദ്വൈതാശ്രമത്തിലെത്തിയ ഉമാ തോമസ് സ്വാമി ധർമ്മ ചൈതന്യയുമായി കൂടിക്കാഴ്ച നടത്തി അദ്ദേഹത്തിന്‍റെ അനുഗ്രഹവും പിന്തുണയും തേടി.

ഗുരുദേവന്‍റെ 51 കൃതികൾ ഇന്ത്യയിലെ വിവിധ ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ പി.ടി തോമസ് എംപി ആയിരുന്നപ്പോൾ പാർലമെന്‍റിൽ ഉന്നയിച്ച് കേന്ദ്ര സാഹിത്യ അക്കാദമിയെകൊണ്ട് തീരുമാനം എടുപ്പിച്ച ഓർമ്മ സ്വാമി ഉമാ തോമസുമായി പങ്കുവെച്ചു. ഗുരുവിന്‍റെ പതിനേഴോളം കൃതികൾ വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. പി.ടിയോടുള്ള ആശ്രമത്തിന്‍റെ സ്നേഹം തനിക്കും ഉണ്ടാവണം എന്ന അഭ്യർത്ഥനയോടെയാണ് ഉമാ തോമസ് മടങ്ങിയത്. ജെബി മേത്തർ എംപി, അൻവർ സാദത്ത് എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്‍റ് വി.പി സജീന്ദ്രൻ, നേതാക്കളായ ബാബു പുത്തനങ്ങാടി, ലത്തീഫ് പൂഴിത്തറ, തോപ്പിൽ അബു, ആനന്ത് ജോർജ്, ബാബുറാം, റെജി ആശാരി പറമ്പിൽ . എന്നിവരും ഉമാ തോമസിനൊപ്പമുണ്ടായിരുന്നു.