‘ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു’; ആരോഗ്യനിലയില്‍ പുരോഗതിയെന്നും ഡോക്ടർമാർ

Wednesday, January 1, 2025

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി എന്ന് ഡോക്ടർമാർ. ശരീരം ചലിപ്പിച്ചെന്നും ചുണ്ടുകൾ അനക്കി പുതുവത്സരാശസ നേർന്നെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ വെന്‍റിലേറ്റർ സൗകര്യം തുടരും എന്ന നിലവിലെ തീരുമാനത്തില്‍ മാറ്റമുണ്ടാവില്ല.

ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച ഉമ ഇന്ന് ശരീരമാകെ ചലിപ്പിച്ചു. ഉമ തോമസിന്‍റെ ഫെയ്സ്ബുക് പേജ് അഡ്മിനാണ് ഇക്കാര്യം പുറത്തുവിട്ടത്. സെഡേഷനും വെന്‍റിലേറ്റർ സപ്പോർട്ടും കുറച്ചുവരികയാണ്. ഇത് ആരോഗ്യത്തില്‍ പുരോഗതി ഉണ്ടെന്ന് ഉള്ളതിന്‍റെ തെളിവാണ്. മെഡിക്കൽ ബുള്ളറ്റിൻ ഉടനുണ്ടാകുമെന്നും പോസ്റ്റിൽ പറയുന്നു.

തലയിലെ മുറിവ് ഭേദപ്പെട്ട് വരുന്നു. ആളുകളെ എംഎൽഎ തിരിച്ചറിയുന്നുണ്ടെന്നും ഡോക്ടർമാർ. ശരീരത്തിന് വേദനയുണ്ട്, അത് സ്വാഭാവികമാണ്. പുറത്തു വരുന്ന സൂചനകൾ എല്ലാം പോസിറ്റീവാണെന്നും അപകടമുണ്ടാക്കിയ വീഴ്ചയുടെ കാര്യം ഉമ തോമസിന് ഓർമ്മയില്ല എന്നും ഡോക്ടർമാർ പറഞ്ഞു.