ഉമ തോമസ് ആശുപത്രി വിട്ടു; എംഎല്‍എയുടെ ആത്മവിശ്വാസവും പ്രസരിപ്പും തിരികെ കൊണ്ടുവരാന്‍ പ്രധാന കാരണമായെന്ന് ഡോക്ടര്‍മാര്‍

Jaihind News Bureau
Thursday, February 13, 2025

കൊച്ചി: ഉമ തോമസ് എം.എല്‍.എ ആശുപത്രി വിട്ടു. കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഉമ തോമസിന്റെ ആശുപത്രി വാസം അവസാനിച്ചു. 45 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഗാലറിയില്‍ നിന്നും 15 അടി ഉയരത്തില്‍ നിന്നാണ് എം.എല്‍.എ വീണത്. സംഘാടനത്തിലുണ്ടായ പിഴവ് മൂലമാണ് വേദിയില്‍ വീഴാന്‍ ഇടയായത്. ഡിസംബര്‍ 29നായിരുന്നു സംഭവം നടന്നത്.

തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീര്‍ക്കെട്ടുമായിരുന്നു ഗുരുതര പ്രശ്‌നമായി തുടര്‍ന്നത്. നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി നിന്നും അറിയിച്ചിട്ടുണ്ട്. ഡിസ്ചാര്‍ജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വീട്ടിലേക്കാകും എംഎല്‍എ പോവുന്നത്. ഉമാ തോമസിന്റെ ആത്മവിശ്വാസവും ധൈര്യവും തന്നെയാണ് ആരോഗ്യവതിയായി ഇരിക്കുന്നതിന്റെ പ്രധാന കാരണമെന്നും മറ്റാര്‍ക്കുമില്ലാത്ത പ്രസരിപ്പ് ചികില്‍സയിലുട നീളം ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. ഡിസ്ചാര്‍ജ് വാങ്ങിയ ശേഷം എം.എല്‍.എ ഡോക്ടര്‍മാര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരെ കണ്ട് സംസാരിച്ചു.