അഴിമതിയില്‍ മുങ്ങിക്കുളിച്ച സർക്കാരിനെതിരെ അര ലക്ഷം പേരെ അണിനിരത്തി യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് ഉപരോധം ബുധനാഴ്ച

Jaihind Webdesk
Monday, October 16, 2023

 

തിരുവനന്തപുരം:  അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സർക്കാരിന്‍റെ ദുർഭരണത്തിനെതിരെ അര ലക്ഷം പേരെ അണിനിരത്തി യുഡിഎഫ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം ബുധനാഴ്ച. ‘റേഷൻ കട മുതൽ സെക്രട്ടേറിയറ്റ് വരെ’ എന്ന പേരിലാണ് പ്രക്ഷോഭമെന്ന് കൺവീനർ എം.എം. ഹസൻ പറഞ്ഞു.

അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ച മുഖ്യമന്ത്രി രാജിവെക്കുക, വിലക്കയറ്റം, കർഷകരോടുള്ള അവഗണന, എഐ ക്യാമറ, കെ-ഫോൺ, മാസപ്പടി ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങൾ, സഹരണബാങ്ക് കൊള്ള, ക്രമസമാധാനനില തകർച്ച, സർക്കാരിന്‍റെ ദുർഭരണം എന്നിവ ചൂണ്ടിക്കാട്ടിയാണ് സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിക്കുന്നത്. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്തുതല പദയാത്രകൾ സംഘടിപ്പിച്ചിരുന്നു. പദയാത്രകൾക്ക് നേതൃത്വം നൽകിയ വളന്‍റിയർമാരും സെക്രട്ടേറിയറ്റ് ഉപരോധത്തിൽ അണിനിരക്കും.

18 ന് രാവിലെ 10 മണിക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉപരോധം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലികുട്ടി, പി.ജെ. ജോസഫ്, ഷിബു ബേബിജോൺ, അനൂപ് ജേക്കബ്, ഡോ. എം.കെ. മുനീർ, സി.പി. ജോൺ, ജി. ദേവരാജൻ, മാണി സി കാപ്പൻ, രാജൻ ബാബു തുടങ്ങിയവർ ഉപരോധ സമരത്തില്‍ പങ്കെടുക്കും.