പിണറായി സർക്കാരിന്‍റെ ദുർഭരണത്തിനെതിരെ യുഡിഎഫിന്‍റെ കുറ്റവിചാരണ സദസിന് ഇന്ന് തുടക്കം

Jaihind Webdesk
Saturday, December 2, 2023

 

കണ്ണൂർ: പിണറായി സർക്കാരിന്‍റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനുമെതിരെ സംസ്ഥാനത്തെ എല്ലാ നിയമസഭാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസിന് ഇന്ന് തുടക്കമാകും. ആദ്യദിനത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലങ്ങളിലാണ് വിചാരണ സദസ് സംഘടിപ്പിച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി കണ്ണൂരില്‍ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

കേരളത്തെ സർവനാശത്തിലേക്ക് നയിക്കുന്ന ഇടതു സർക്കാരിന്‍റെ അഴിമതിയും ധൂർത്തും വികസനവിരുദ്ധതയും മാഫിയവൽക്കരണവും ജനസമക്ഷം തുറന്നു കാട്ടിയാണ് സർക്കാരിനെ യുഡിഎഫ് വിചാരണ ചെയ്യുന്നത്. സർക്കാരിന്‍റെ പിന്തിരിപ്പൻ നയങ്ങളിൽ വഴിയാധാരമായ സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളിലെ പ്രതിനിധികളെ അണിനിരത്തിയാണ് സർക്കാരിനെ യുഡിഎഫ് വിചാരണ ചെയ്യുക. ദുരിതമനുഭവിക്കുന്ന കർഷകർ, തൊഴിലാളികൾ തൊഴിൽരഹിതർ, ക്ഷേമപെൻഷൻ ലഭിക്കാത്തവർ, ചികിത്സാ സഹായവും സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടവർ തുടങ്ങി സർക്കാരിന്‍റെ കെടുകാര്യസ്ഥതയിൽ കഷ്ടത അനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധികൾ ജനസദസിൽ അണിചേർന്ന് സർക്കാരിനെ വിചാരണ ചെയ്യും.

ആദ്യദിനത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലങ്ങളിലാണ് വിചാരണ സദസ് സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എ ഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും നേമം മണ്ഡലത്തിലെ പാപ്പനംകോട് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപിയും ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും താനൂരിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും തൃത്താലയിൽ രമേശ് ചെന്നിത്തലയും ചേർത്തലയിൽ എം.എം. ഹസനും കളമശേരിയിൽ കെ. മുരളീധരൻ എംപിയും വിചാരണ സദസുകൾ ഉദ്ഘാടനം ചെയ്യും.

പിണറായി സർക്കാറിന്‍റെ അഴിമതിയും ധൂർത്തും അക്രമവും കെടുകാര്യസ്ഥതയും സാമ്പത്തിക തകർച്ചയും ജനങ്ങളോട് വിശദീകരിക്കാനാണ് വിചാരണ സദസ് സംഘടിപ്പിക്കുന്നത്. തകരുന്ന കേരളത്തിൻറെ യഥാർത്ഥ ചിത്രം ജനങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെയുള്ള കുറ്റപത്രം സദസിൽ അവതരിപ്പിക്കും. പിണറായി സർക്കാർ കർഷകരോടും തൊഴിലാളികളോടും യുവാക്കളോടും സർക്കാർ ജീവനക്കാരോടും കാണിക്കുന്ന ദ്രോഹവും വഞ്ചനയും വ്യാപകമായ അഴിമതിയും അക്കമിട്ട് നിരത്തുന്ന വിചാരണ യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസിൽ നടക്കും.

സംസ്ഥാനത്തെ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലുമായിഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന വിചാരണ സദസുകൾക്ക് പ്രമുഖ യുഡിഎഫ് നേതാക്കൾ നേതൃത്വം നൽകും. വൈകുന്നേരം 3 മണി മുതൽ 6 മണി വരെയാണ് വിചാരണ സദസുകൾ സംഘടിപ്പിക്കുക. സർക്കാർ സംവിധാനങ്ങളെ ദുർവിനിയോഗം ചെയ്ത് കോടികൾ പൊടിപൊടിച്ച് സർക്കാർ നവ കേരള സദസുകൾ സംഘടിപ്പിക്കുമ്പോൾ സമസ്ത മേഖലയിലും പരാജയമായ സർക്കാരിനെ വിചാരണ ചെയ്തു പ്രതിപക്ഷം ഇന്നു മുതൽ കുറ്റപത്രം സമർപ്പിക്കും.