തദ്ദേശ വിജയത്തിന്റെ ‘മഹാപഞ്ചായത്ത്’: രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കൊച്ചിയില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Jaihind News Bureau
Saturday, January 17, 2026

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ചരിത്ര വിജയം ആഘോഷിക്കാന്‍ എറണാകുളം ഒരുങ്ങി. തിരഞ്ഞെടുപ്പ് വിജയത്തിന്റെ തേര് തെളിച്ച ജനപ്രതിനിധികളുടെയും പ്രവര്‍ത്തകരുടെയും മെഗാ സംഗമമായ ‘വിജയോത്സവം 2026 – മഹാപഞ്ചായത്ത്’ തിങ്കളാഴ്ച എറണാകുളത്ത് നടക്കും. വിജയാഘോഷങ്ങള്‍ക്ക് ആവേശം പകരാന്‍ രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കൊച്ചിയിലെത്തും. സമ്മേളനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ വേദിയിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ത്രിതല പഞ്ചായത്ത്, നഗരസഭ അംഗങ്ങളും പ്രവര്‍ത്തകരും എറണാകുളത്തേക്ക് ഒഴുകിയെത്തും. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചവരെ നേരിട്ട് അഭിനന്ദിക്കാനും വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ദിശാബോധം നല്‍കാനുമാണ് രാഹുല്‍ ഗാന്ധി എത്തുന്നത്.

‘തദ്ദേശ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന്റെ തേര് തെളിച്ചവരുടെ മെഗാ സംഗമം’ എന്ന പ്രഖ്യാപനവുമായി നടക്കുന്ന മഹാപഞ്ചായത്ത് വമ്പന്‍ ശക്തിപ്രകടനമായി മാറ്റാനാണ് നേതൃത്വത്തിന്റെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് പാര്‍ട്ടിയെ സന്നദ്ധമാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് തുടങ്ങി സംസ്ഥാനത്തെ പ്രമുഖ നേതാക്കളും പങ്കെടുക്കും. ഈ ചരിത്ര വിജയം 2026-ലെ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കമാണെന്നും, രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. തിങ്കളാഴ്ച നടക്കുന്ന മഹാസമ്മേളനത്തോടെ എറണാകുളം അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനസാഗരമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.