ശബരിമല നിരോധനാജ്ഞയ്ക്കും വര്‍ഗീയ മതിലിനുമെതിരെ നാളെ UDF ധര്‍ണ

Sunday, December 16, 2018

ശബരിമലയിലെ നിരോധനാജ്ഞയ്ക്കെതിരെയും സര്‍ക്കാര്‍ ചെലവിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും വര്‍ഗീയ മതില്‍ സംഘടിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടും യു.ഡി.എഫ് നാളെ ധര്‍ണ നടത്തും. തിരുവനന്തപുരത്ത് സെക്രട്ടേയറ്റിന് മുന്നിലും മറ്റ് ജില്ലകളില്‍ കളക്‌ട്രേറ്റുകള്‍ക്കുമുന്നിലും ധര്‍ണകള്‍ നടത്തുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ അറിയിച്ചു.

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടക്കുന്ന  ധര്‍ണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് കെ മുരളീധരന്‍ എം.എല്‍.എയും ആലപ്പുഴ ആര്‍.എസ്.പി നേതാവ് എ.എ അസീസ്, കോട്ടയത്ത് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയും  കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരും ധര്‍ണയില്‍ പങ്കെടുക്കും.

ഇടുക്കിയില്‍ പി.ജെ ജോസഫും, എറണാകുളത്ത് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും തൃശൂരില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പിയും, പാലക്കാട് വി.എസ് വിജയരാഘവന്‍ എക്‌സ്. എം.പി.യും ധര്‍ണ ഉദ്ഘാടനം ചെയ്യും.

മലപ്പുറത്ത് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍,  വയനാട് മുന്‍മന്ത്രി പി ശങ്കരന്‍, കണ്ണൂരില്‍ കെ.സി. ജോസഫ് എം.എല്‍.എ, കാസര്‍ഗോഡ് കെ.എം ഷാജി എം.എല്‍.എ എന്നിവരാണ് ധര്‍ണയുടെ ഉദ്ഘാടകര്‍.

കോഴിക്കോടും പത്തനംതിട്ടയിലും നേരെത്തെ നിശ്ചയിച്ച കോണ്‍ഗ്രസ് പരിപാടികള്‍ നടക്കുന്നതിനാല്‍ ധര്‍ണ മറ്റൊരു ദിവസം നടത്തുമെന്നും ബെന്നി ബെഹനാന്‍ അറിയിച്ചു.