
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നിർണ്ണായക യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാനും മുന്നൊരുക്കങ്ങൾ വിലയിരുത്താനുമാണ് മുന്നണി നേതൃത്വം ഒത്തുചേരുന്നത്. കളമശ്ശേരി ചാക്കോളാസ് കൺവെൻഷൻ സെന്ററാണ് യോഗത്തിന് വേദിയാകുന്നത്.
നിയമസഭാ മണ്ഡലങ്ങളെ മൂന്നായി തരംതിരിച്ച് ഓരോ വിഭാഗത്തിനും പ്രത്യേക പ്രചാരണ തന്ത്രങ്ങൾ നടപ്പിലാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേക്കാൾ 5.3 ശതമാനം വോട്ട് വിഹിതം കൂടുതൽ നേടി നേടിയെടുത്ത ആത്മവിശ്വാസം നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിർത്താനാണ് മുന്നണിയുടെ നീക്കം. ഇതിനായി നേരത്തെ തന്നെ പ്രചാരണ രംഗത്ത് സജീവമാകാൻ യോഗത്തിൽ തീരുമാനമുണ്ടാകും.
മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും ഇന്നത്തെ യോഗത്തിൽ പ്രധാന അജണ്ടയാകും. നിലവിൽ മുന്നണിക്ക് പുറത്തുനിൽക്കുന്ന രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും യുഡിഎഫിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ഗൗരവമായ ആലോചനകൾ നടക്കും. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ അധികാരം തിരിച്ചുപിടിക്കാനുള്ള കൃത്യമായ റോഡ്മാപ്പ് ഈ യോഗത്തോടെ തയ്യാറാകും.