പിണറായി സർക്കാരിന്‍റെ രണ്ടാം വാർഷികത്തില്‍ സെക്രട്ടേറിയറ്റ് വളയും; ഏപ്രില്‍ ഒന്നിന് കരിദിനം: പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫ് | VIDEO

Jaihind Webdesk
Wednesday, March 22, 2023

 

തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്തും സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം.  സർക്കാറിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മേയ് രണ്ടാം വാരം ജനവിരുദ്ധനയങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിച്ച് സെക്രട്ടേറിയറ്റ് ഉപരോധിക്കും. പകല്‍ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കും. ഇന്ധന സെസ് ഉൾപ്പെടെ ബജറ്റിലെ പുതിയ നികുതി നിർദേശങ്ങൾ നിലവിൽവരുന്ന ഏപ്രിൽ ഒന്നിന് കരിദിനമാചരിക്കും. അന്നേ ദിവസം സംസ്ഥാന വ്യാപകമായി പഞ്ചായത്തുതലത്തില്‍ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും യുഡിഎഫ് കണ്‍വീനർ എം.എം ഹസന്‍ അറിയിച്ചു. കഴിഞ്ഞദിവസം ചേർന്ന യുഡിഎഫ് യോഗ തീരുമാനങ്ങള്‍. വിശദീകരിക്കുകയായിരുന്നു എം.എം ഹസന്‍.

സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച അന്യായ നികുതി വർധന പ്രാബല്യത്തിൽ വരുന്ന ഏപ്രിൽ ഒന്നിന് സംസ്ഥാനത്ത് കരിദിനമാചരിച്ച് ശക്തമായ പ്രതിഷേധമുയർത്തുവാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. കറുത്ത കൊടികൾ ഉയർത്തിയും ബാഡ്ജ് ധരിച്ചും പകൽ പന്തം കൊളുത്തി പ്രകടനം നടത്തിയും സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. സർക്കാറിന്‍റെ രണ്ടാം വാർഷിക ദിനത്തിൽ സർക്കാരിനെതിരെ കുറ്റ പത്രം സമർപ്പിച്ചു യുഡിഎഫ് സെക്രട്ടേറിയറ്റ് വളയും. ‘തീരദേശ ഹൈവേയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സമര രംഗത്തും യുഡിഎഫ് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്‍ററി ജനാധിപത്യത്തെ നിയമസഭാ സ്പീക്കർ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന് എം.എം ഹസൻ കുറ്റപ്പെടുത്തി.
നിയമസഭാ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു കഴിഞ്ഞ ദിവസമെന്നും മുഖ്യമന്ത്രി സ്പീക്കറെ വരുതിയിലാക്കി പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ ഹനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്കുണ്ടായ ദുരനുഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റടുത്ത് ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോവിന്ദൻ മാഷ് മാനനഷ്ടക്കേസ് കൊടുത്തതുപോലെ സ്വപ്നാ സുരേഷിനെതിരെ മാനനഷ്ട കേസ് കൊടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും എം.എം ഹസൻ പറഞ്ഞു.