പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ആന്തൂർ നഗരസഭാ ആസ്ഥാനത്തേക്ക് യുഡിഎഫ് ഇന്ന് മാർച്ച് നടത്തും. ഒരു വ്യവസായിയെ ആത്മഹത്യയിലേക്ക് നയിച്ച ആന്തൂർ നഗരസഭാ ഭരണാധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ആന്തൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുക. ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യും.
പ്രവാസി വ്യവസായിയായ സാജനാണ് നഗരസഭയുടെ ദുർവാശിയില്‍ മനംനൊന്ത് ജീവന്‍ വെടിഞ്ഞത്. സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂർ നഗരസഭ ചെയർപേഴ്സനെതിരെ ഗുരുതര ആരോപണവുമായി ആത്മഹത്യ ചെയ്ത അദ്ദേഹത്തിന്‍റെ ഭാര്യ ബീന രംഗത്തെത്തിയിരുന്നു. ഭർത്താവിന്‍റെ ആത്മഹത്യയ്ക്ക് കാരണം ഓഡിറ്റോറിയത്തിന് നഗരസഭ അനുമതി നൽക്കാത്തതുകൊണ്ടാണെന്നും ഓരോ തവണയും നിസ്സാര കാരണങ്ങൾ പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നുവെന്നും ബീന പറഞ്ഞു. ഇത്രയും കാലം കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം ഉപയോഗിച്ചാണ് വില്ലയും, ഓഡിറ്റോറിയവും നിർമ്മിച്ചത്. ഓഡിറ്റോറിയത്തിന് അന്തിമാനുമതി ലഭിക്കാത്തത് സാജനെ അസ്വസ്ഥനാക്കിയിരുന്നുവെന്നും സാജന്‍റെ ഭാര്യ പറഞ്ഞു. അനുമതി കൊടുക്കില്ലെന്ന വാശിയിലായിരുന്നു നഗരസഭയും ചെയർപേഴ്സണും. ഓരോ തവണയും നിസ്സാര കാരണങ്ങൾ പറഞ്ഞ് മുടക്കി.പല തവണ നഗരസഭ ചെയർപെഴ്സണെ കണ്ടെങ്കിലും അവർ സഹായിച്ചില്ല. താൻ അധ്യക്ഷയായിരിക്കുന്നിടത്തോളം കാലം അതു കിട്ടില്ലെന്ന് ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമള തറപ്പിച്ചു പറഞ്ഞു. കൺവെൻഷൻ സെന്‍ററിന്‍റെ ലൈസൻസിന് വേണ്ടി പാർട്ടിയിലെ ഉയർന്ന നേതാക്കളെ സമീപിച്ചതിനെതുടർന്ന് അവർ ഇടപെട്ടിരുന്നു. ഇനിയുള്ള കാര്യങ്ങളും ഉന്നതനേതാക്കളോട് പറഞ്ഞ് നടത്തിക്കോളൂ എന്ന വാശിയിലായിരുന്നു ചെയർപേഴ്സനെന്നും ബീന പറയുന്നു.
ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുേമ്പ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു സാജൻ. മരിക്കുന്ന ദിവസവും ഒരു ചർച്ച നടക്കാനിരിക്കുകയായിരുന്നു. എന്നാൽ, ആ സ്ത്രീ ലൈസൻസ് തരില്ലെന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ തന്നെ വിശ്വസിച്ചു. അതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
ഭർത്താവ് സി പി എം അനുഭാവിയായിരുന്നു. പാർട്ടി ആവശ്യപ്പെട്ടത് അനുസരിച്ച് സാജൻ സാമ്പത്തികമായും അല്ലാതെയും പാർട്ടിക്ക് സഹായങ്ങൾ ചെയ്തിട്ടുണ്ട്. എന്നിട്ടും അവരാരും സഹായിച്ചില്ല.ഇക്കാര്യത്തിനായി പി.ജയരാജനെയും സമീപിച്ചിരുന്നു. ആരും സഹായിച്ചില്ലെന്നും ഭാര്യ ബീന പറഞ്ഞു. മുഖ്യമന്ത്രിക്കും, എസ് പിക്കും ഇതു സംബന്ധിച്ച് പരാതി നൽകുമെന്നും ബീന പറഞ്ഞു.