കണ്ണൂർ കോർപ്പറേഷൻ മേയർക്കെതിരായ യു.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയം ഇന്ന് ചർച്ചക്കെടുക്കും

Jaihind News Bureau
Saturday, August 17, 2019

കണ്ണൂർ കോർപ്പറേഷൻ മേയർക്കെതിരെ യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം ഇന്ന് ചർച്ചക്കെടുക്കും. കോൺഗ്രസ് വിമതൻ പി.കെ രാഗേഷിന്‍റെ പിന്തുണ ഉറപ്പിച്ച ശേഷമാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് കോൺഗ്രസ് അംഗങ്ങൾ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

അൻപത്തിയഞ്ച് അംഗങ്ങളുളള കണ്ണൂർ കോർപ്പറേഷനിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതമാണ് അംഗസംഖ്യ. കോൺഗ്രസ് വിമതനായി മത്സരിച്ച പി.കെ രാഗേഷിൻറെ പിന്തുണയോടെയായിരുന്നു കോർപ്പറേഷൻ ഭരണം എൽ.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി.കെ രാഗേഷ് കെ.സുധാകരന് പരസ്യമായി പിന്തുണ നൽകിയതോടെയാണ് ഭരണ മാറ്റം സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമായത്.
അവിശ്വാസ പ്രമേയം പാസായാൽ ആദ്യ ആറ് മാസം മേയർസ്ഥാനം കോൺഗ്രസിലെ സുമാ ബാലകൃഷ്ണനും ശേഷമുളള ആറ് മാസം ലീഗിലെ സി.സീനത്തിനും നൽകാനാണ് യു.ഡി.എഫ് തീരുമാനം.പി.കെ രാഗേഷ് ഡപ്യൂട്ടി മേയർ സ്ഥാനത്ത് തുടരും.സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ കഴിഞ്ഞ ദിവസം ഹൈകോടതിയെ സമീപിച്ചിരുന്നു. അവസാന നിമിഷം അട്ടിമറികളൊന്നും സംഭവിച്ചില്ലങ്കിൽ യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം വിജയിക്കാനാണ് സാധ്യത.

https://youtu.be/lrjxbrr8zps