ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല പോസ്റ്റ് : നടപടി ആവശ്യപ്പെട്ട് സമരം

Jaihind News Bureau
Friday, October 26, 2018

കണ്ണൂർ കോർപ്പറേഷനിലെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ സി പി എം കൗൺസിലർ അശ്ലീല ഫോൺ സംഭാഷണം പോസ്റ്റ് ചെയ്ത സംഭവത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കൗൺസിലർമാർ പൊലീസിനു പരാതി നൽകി. സിപിഎം വനിതാ കൗൺസിലറുടെ ഭർത്താവ് യുവതിയുമായി നടത്തിയ സംഭാഷണം മറ്റൊരു സിപിഎം കൗൺസിലർ കോർപ്പറേഷനിലെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു.
.
ഡിവൈഎസ്പി പിപി സദാനന്ദന് മുൻപാകെയാണ് യു ഡി എഫ് കൗൺസിലർമാർ പരാതി നൽകിയത്.വനിതാ കൗൺസിലർമാർ ഉൾപ്പടെയുള്ളവരാണ് പരാതി നൽകാനെത്തിയത്. അശ്ലീല സംഭാഷണം പോസ്റ്റ് ചെയ്ത സി പി എം കൗൺസിലർ രവീന്ദ്രനും, വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ മേയർക്കും എതിരെയാണ് പരാതി .

കണ്ണൂർ കോർപ്പറേഷനിലെ കൗൺസിലർമാരും, ഉദ്യോഗസ്ഥരും അംഗങ്ങളായ കൗൺസിലേഴ്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് സി പി എം മ്മിലെ അനാശാസ്യവും, ഗ്രൂപ്പ് തർക്കവും ചർച്ച ചെയ്യുന്ന ശബ്ദ സന്ദേശം സി പി എം കൗൺസിലറായ രവീന്ദ്രൻ പോസ്റ്റ് ചെയ്തത്. സി പി എംനേതാവിനെയും സി പി എം പ്രവർത്തകരായ വനിതകളെയും ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങളും, അശ്ലീലവും കലർന്ന ഫോൺ സംഭാഷണമാണ് വാട്സ് ആപ്പ് സന്ദേശത്തിലുള്ളത്.

സ്ത്രീകൾ ഉൾപ്പടെയുള്ള ഗ്രൂപ്പിൽ അശ്ലീല സംഭാഷണം പോസ്റ്റ് ചെയ്തതിന് എതിരെയാണ് യു ഡി എഫ് വനിതാ കൗൺസിലർമാരുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കുന്ന സന്ദേശം വാട്സ് ആപ്പിൽ പോസ്റ്റ് ചെയ്ത സി പി എം കൗൺസിലർക്ക് എതിരെയും, വാട്സ് ആപ്പ് അഡ്മിനായ മേയർക്കെതിരെയും നടപടി വേണമെന്നാണ് വനിതകൾ ഉൾപ്പടെയുള്ള യു ഡി എഫ് കൗൺസിലർമാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് പ്രത്യക്ഷ സമരവും യു ഡി എഫ് ആരംഭിക്കും

https://youtu.be/JVMNQoqlELQ