സത്യഗ്രഹ സമരവേദിയിൽ നിന്നും വേറിട്ട ജനഹിത സർവ്വേയുമായി യു.ഡി.എഫ് എംഎൽഎമാർ

Jaihind Webdesk
Tuesday, February 7, 2023

തിരുവനന്തപുരം : സംസ്ഥാന ബജറ്റിലെ തീവെട്ടി കൊള്ളക്കെതിരെ യു.ഡി.എഫ് എം.എൽ.എമാർ നിയമസഭ കവാടത്തിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹസമരം ജനദ്രോഹ ബജറ്റിനെതിരെയുള്ള മറ്റൊരു ജനകീയ സർവേക്ക് കൂടി തുടക്കം കുറിച്ചു. സമൂഹമാധ്യമങ്ങൾ വഴി ജനങ്ങളുടെ അഭിപ്രായം തേടുന്നതിനു വേണ്ടിയാണ് യു.ഡി.എഫ് ഇത്തരത്തിലുള്ള വേറിട്ട സമര പരിപാടി ആസൂത്രണം ചെയ്തത്. വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം ദുരിതത്തിലായ ജനങ്ങൾക്ക് മേൽ വിലവർധനവും നികുതി കൊള്ളയും അടിച്ചേൽപ്പിച്ച സംസ്ഥാന സർക്കാരിനെതിരെയുള്ള ജനഹിത സർവ്വേക്കാണ് യു.ഡി.എഫ് തുടക്കം കുറിച്ചത്.

സത്യഗ്രഹ സമരത്തിലുള്ള യു.ഡി.എഫ് എം.എൽ.എമാരാണ് സമൂഹമാധ്യമങ്ങൾ വഴിയുള്ള വേറിട്ട സമര പ്രഖ്യാപനം നടത്തിയത്. സംസ്ഥാന ബജറ്റിലെ ജനദ്രോഹകരമായ 10 നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കുകയും ഇതിൽ ജനങ്ങളെ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്ന മൂന്നു നിർദ്ദേശങ്ങൾ ഏതൊക്കെയാണെന്ന അഭിപ്രായം ജനങ്ങളിൽ നിന്നും ഈ സർവേയിലൂടെ തേടാനാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നത്.

സത്യഗ്രഹ സമരത്തിൽ പങ്കെടുക്കുന്ന എം.എൽ.എമാരായ ഷാഫി പറമ്പിലും, ഡോക്ടർ മാത്യു കുഴൽനാടനും, നജീബ് കാന്തപുരവും, സി ആർ മഹേഷുമാണ് സർവ്വേ സംബന്ധിച്ച പ്രഖ്യാപനം ഫെയ്‌സ്ബുക്ക് ലൈവിലൂടെ നടത്തിയത്. ഇത്തരത്തിൽ ലഭിക്കുന്ന ജനങളുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ട് വരുന്നതിനാണ് ജനഹിത സർവ്വേ നടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെയുള്ള ജനരോഷം ഉയർന്നിട്ടും സർക്കാർ ഇത് കണ്ടില്ലെന്നു നടക്കുകയാണെന്നും ഏറെക്കാലം ജനങ്ങളെ വിഡ്ഢിയാക്കാമെന്ന് ബന്ധപ്പെട്ടവർ കരുതരുതെന്നും എം.എൽ.എമാർ പറഞ്ഞു.

https://tinyurl.com/budget-survey   എന്ന ലിങ്കിലൂടെയാണ് ജനകീയ സർവേയില്‍ പങ്ക് ചേരേണ്ടത്.