ശബരിമല വിഷയത്തില്‍ പ്രക്ഷുബ്ധമായി സഭ; UDF എം.എല്‍.എമാര്‍ സത്യാഗ്രഹസമരം തുടരുന്നു

Jaihind Webdesk
Tuesday, December 11, 2018

UDF-MLA-Satyagraha

ശബരിമല വിഷയത്തിൽ യു.ഡി.എഫ് എം.എൽ.എമാരുടെ സത്യാഗ്രഹ സമരം ഒൻപതാം ദിവസവും തുടരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ സ്തംഭിച്ചു. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമല വിഷയത്തില്‍ ഇത് എഴാം ദിവസമാണ് സഭ പിരിയുന്നത്.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് മുന്നില്‍ സത്യഗ്രഹം ചെയ്യുന്ന എം.എല്‍.എമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമുള്ള ആവശ്യം പ്രതിപക്ഷം ഇന്നും സഭയിൽ ഉന്നയിച്ചു. ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നിലെത്തി പ്രതിഷേധിച്ചു.

ശബരിമല വിഷയത്തിൽ പ്രതിപക്ഷ എം.എല്‍.എമാരുടെ സത്യഗ്രഹം ഒൻപതാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ എം.എല്‍.എമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പല തവണ സ്പീക്കറെ ധരിപ്പിച്ചു. എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാകാത്ത സാഹചര്യത്തിലാണ് സഭാ നടപടികളുമായി സഹകരിക്കേണ്ടെന്ന നിലപാടിലേക്ക് പ്രതിപക്ഷമെത്തിയത്.

ശബരിമല വിഷയത്തില്‍ ഇത് ഏഴാം ദിവസമാണ് സഭ പ്രക്ഷുബ്ധമാകുന്നത്. പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

https://youtu.be/8HJuBY_3JnQ