ജനദ്രോഹ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് യുഡിഎഫ്; ഡിസംബര്‍ 1 മുതല്‍ സര്‍ക്കാരിനെതിരെ കുറ്റവിചാരണ സദസ്

Jaihind Webdesk
Friday, November 3, 2023

 

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ അഴിമതിയും ധൂര്‍ത്തും സംസ്ഥാനത്തിന്‍റെ സാമ്പത്തിക തകര്‍ച്ചയും അക്രമവും കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കാന്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ 140 നിയോജകമണ്ഡലങ്ങളിലും ഡിസംബര്‍ 1 മുതല്‍ 20 വരെ കുറ്റവിചാരണ സദസ് സംഘടിപ്പിക്കും. ഇന്നലെ ചേര്‍ന്ന യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം തീരുമാനിച്ചതായി കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു. സൂം മീറ്റിംഗിലൂടെയാണ് യോഗം ചേർന്നത്.

യുഡിഎഫ് ജില്ലാ ചെയര്‍മാന്മാരും കണ്‍വീനറന്മാരും പ്രത്യേക ക്ഷണിതാക്കളായി സൂം മീറ്റിംഗില്‍ പങ്കു ചേര്‍ന്നു. പ്രതിപക്ഷ നേതാവിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സി.പി. ജോണ്‍, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബി ജോണ്‍, ജി. ദേവരാജന്‍ എന്നിവരും പങ്കെടുത്തു. തകരുന്ന കേരളത്തിന്‍റെ നേര്‍ചിത്രം ജനങ്ങള്‍ക്കുമുമ്പില്‍ ”കുറ്റപത്രമായി” സദസ്സില്‍ അവതരിപ്പിക്കുകയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിചാരണ നടത്തുകയും ചെയ്യുമെന്ന് എം.എം. ഹസന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരായ കുറ്റവിചാരണ സദസില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു പുറമേ സര്‍ക്കാരില്‍ നിന്നു പണം കിട്ടാതെ കഷ്ടത അനുഭവിക്കുന്ന നെല്‍, നാളികേര, റബ്ബര്‍ കര്‍ഷകര്‍, കെഎസ്ആര്‍ടിസി അടക്കമുള്ള സ്ഥാപനങ്ങളിലെ പെന്‍ഷന്‍ ലഭിക്കാതെ ദുരിതമനുഭവിക്കുന്നവര്‍, ആനുകൂല്യങ്ങള്‍ ലഭിക്കാതെ പ്രയാസമനുഭവിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍, മത്സ്യ ത്തൊഴിലാളികള്‍, സാമൂഹ്യക്ഷേമ പെന്‍ഷനും ചികിത്സാ സഹായവും ലഭിക്കാത്തവര്‍, പിഎസ്‌സി റാങ്ക് ലിസ്റ്റില്‍പ്പെട്ടവരും, എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ ജോലിക്കു കാത്തിരിക്കുന്ന തൊഴില്‍രഹിതര്‍ തുടങ്ങിയവരെ കൂടി പങ്കെടുപ്പിക്കും. ദുരിതമനുഭവിക്കുന്നവരുടെ കാഴ്ചപ്പാടുകള്‍ പറയാന്‍ അവര്‍ക്കു സമയം നല്‍കും. കുറ്റവിചാരണ സദസ് സംഘടിപ്പിക്കുവാന്‍ നിയോജകമണ്ഡലം തലത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിക്കും.

നവംബര്‍ 10-ാം തീയതിക്കു മുമ്പായി യുഡിഎഫ് ജില്ലാ കമ്മറ്റികളും, നവംബര്‍ 10-നും 15-നുമിടയ്ക്ക് യുഡിഎഫ് നിയോജകമണ്ഡലം നേതൃയോഗങ്ങളും, നവംബര്‍ 15-നും 25-നും ഇടയ്ക്ക് പഞ്ചായത്ത്തല നേതൃയോഗങ്ങളും നടത്തുവാനും വിപുലമായ സംഘാടകസമിതികള്‍ രൂപീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എം.എം. ഹസന്‍ പറഞ്ഞു.
കുറ്റവിചാരണ സദസിന്‍റെ മുന്നോടിയായി നിയോജകമണ്ഡലം തലത്തില്‍ വിളംബര ജാഥകള്‍ നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ”സേവ് സെക്കുലറിസം, സേവ് ഇന്ത്യ” എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ഫെബ്രുവരി മാസത്തില്‍ സംസ്ഥാനതല ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചതായും കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു.