നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്‍റെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഹൈക്കമാന്‍റിന്‍റെ അംഗീകാരത്തിന് ശേഷമായിരിക്കും സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം എന്നീ മണ്ഡലങ്ങളിലേക്കുളള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കുക. സ്ഥാനാർത്ഥി പട്ടികയ്ക്ക് സംസ്ഥാന കോൺഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം അന്തിമ രൂപം നൽകിയിരുന്നു. പിന്നാലെ പട്ടിക ഹൈക്കമാന്‍റിന് സമർപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് പിന്നാലെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈകൊണ്ടത്. അതാത് ജില്ലാ കമ്മിറ്റികളുടെയും പ്രാദേശിക ഘടകങ്ങളുടെയും അഭിപ്രായവും സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണിച്ചിരുന്നു. കേന്ദ്ര നേതൃത്വത്തിന്‍റെ അംഗീകാരത്തിന് ശേഷം ഇന്ന് തന്നെ സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ നാലും യു.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റുകളാണ്. മുസ്ലിം ലീഗിന്‍റെ മണ്ഡലമായ മഞ്ചേശ്വരത്ത് ലീഗ് നേതൃത്വം ഇതിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ മികച്ച പ്രകടനം വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പലയിലെ പരാജയത്തിന്‍റെ ക്ഷീണം ഇതിലുടെ മറികടക്കാനാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. പല ഉപതെരഞ്ഞെടുപ്പിൽ പരാജയം നേരിടേണ്ടി വന്ന പശ്ചാത്തലത്തിൽ എല്ലാ പഴുതുകളും അടച്ചാകും യുഡിഎഫ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുക.
ഞായറാഴ്ച മുതൽ യുഡിഎഫിന്‍റെ നിയോജക മണ്ഡലം കൺവൻഷനുകൾക്ക് തുടക്കം കുറിക്കും. മണ്ഡലങ്ങളുടെ ചുമതല വിവിധ നേതാക്കൾക്ക് വീതിച്ചു നൽകിയിട്ടുണ്ട്.
https://youtu.be/uyxxnW2qv44