മർദ്ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടി, തലയില്‍ രക്തം കട്ടപിടിച്ചു; രണ്ടരവയസുകാരി നേരിട്ടത് കൊടിയ പീഡനം; പിതാവിനെതിരെ കൊലക്കുറ്റം

 

മലപ്പുറം: കാളികാവിൽ രണ്ടര വയസുകാരി ഫാത്തിമ നസ്രിന്‍റെ മരണത്തില്‍ പിതാവ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. കുഞ്ഞ് മരിച്ച ശേഷമാണ് പിതാവ് ആശുപത്രിയില്‍ എത്തിച്ചത്. ക്രൂരമായ മര്‍ദ്ദനമാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമായതെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദ വിവരങ്ങൾ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു. കുഞ്ഞിന്‍റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗററ്റ് കൊണ്ട് കുത്തിയ പാടുകള്‍ കുഞ്ഞിന്‍റെ ശരീരത്തിലുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിന്‍റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. തലയില്‍ രക്തം കട്ട പിടിച്ച നിലയിലാണ്. കുഞ്ഞിന്‍റെ തലയ്ക്ക് മുമ്പ് മര്‍ദ്ദനമേറ്റപ്പോള്‍ സംഭവിച്ച രക്തസ്രാവത്തിന്‍റെ മുകളില്‍ വീണ്ടും മര്‍ദ്ദനമേറ്റത് മരണത്തിന് കാരണമായി. മര്‍ദ്ദനത്തില്‍ കുഞ്ഞിന്‍റെ വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഫാത്തിമ നസ്രിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മുഹമ്മദ് ഫായിസിന്‍റെ അറസ്റ്റ് ഇന്നലെ രാത്രി പോലീസ് രേഖപ്പെടുത്തി. ഫായിസിനെതിരെ കൊലക്കുറ്റത്തിന് പുറമെ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തു. ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ് കുഞ്ഞിനെ മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്. മുഹമ്മദ് ഫായിസിന്‍റെ ബന്ധുക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നതുള്‍പ്പടെ പോലീസ് അന്വേഷിച്ചുന്നുണ്ട്.

Comments (0)
Add Comment