ഇന്ത്യയില്‍ മണിക്കൂറുകളോളം നിശ്ചലമായി ട്വിറ്റര്‍.

Jaihind Webdesk
Friday, November 4, 2022


ട്വിറ്റര്‍ ഇന്ത്യയില്‍ മണിക്കൂറുകളോളം നിശ്ചലമായി. നവംബര്‍ നാലിന് രാവിലെ മുതലാണ് പ്രശ്നം കണ്ടുതുടങ്ങിയത്. അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യാനാവുന്നില്ലെന്നായിരുന്നു ഉപഭോക്താക്കളുടെ പരാതി.

ട്വിറ്ററിന്റെ വെബ്സൈറ്റിലാണ് ഈ പ്രശ്നം നേരിട്ടത്. ആപ്പ് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡൗണ്‍ ഡിറ്റക്ടര്‍ ആപ്പില്‍ നിരവധിയാളുകള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് മണിയോടുകൂടി തുടങ്ങിയ പ്രശ്നം ഏഴ് മണിയോടെ വര്‍ധിച്ചതായി ഡൗണ്‍ ഡിറ്റക്ടര്‍ ഗ്രാഫ് വ്യക്തമാക്കുന്നു. ഇപ്പോള്‍ പ്രവര്‍ത്തനം സാധാരണ നിലയിലായിക്കൊണ്ടിരിക്കുകയാണ്.

അതേസമയം ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്ത മസ്‌ക് സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കുകയും 50 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലുമാണ്. ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്യും. ചിലവ് ചുരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പിരിച്ചുവിടല്‍ അറിയിച്ചുകൊണ്ടുള്ള ഇമെയിലുകള്‍ ഇന്ന് മുതല്‍ അയക്കുമെന്നാണ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന അറിയിപ്പ്.