ഇരട്ടക്കുട്ടികളുടെ മരണം: വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ ; ഏകപക്ഷീയമായ റിപ്പോർട്ടെന്ന് കുടുംബം

 

മലപ്പുറം: കൊവിഡ് ഭേദമായ ഗർഭിണിക്ക് ചികിൽസ 14 മണിക്കൂർ വൈകിയതിനു പിന്നാലെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം സംഭവത്തിൽ ആരോഗ്യ വകുപ്പിന്‍റെ വീഴ്ച മറക്കാൻ ഏകപക്ഷീയമായി റിപ്പോർട്ട്‌ തയ്യാറാക്കി മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ. ഗർഭിണിക്ക് യഥാസമയം ചികിത്സ നൽകുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പ്രാഥമികാന്വേഷണ റിപ്പോർട്ട്. അതേസമയം തങ്ങളുടെ മൊഴി എടുത്തില്ലെന്നും ഒന്നാം പ്രതിയായ മെഡിക്കൽ കോളേജ് സൂപ്രണ്ട് തയ്യാറാക്കുന്ന റിപ്പോർട്ടിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 21 ജീവനക്കാരിൽ നിന്ന് മൊഴിയെടുത്താണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.  യുവതിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന സമയത്ത് യുവതിക്ക് പ്രസവ ലക്ഷണം ഇല്ലെന്നാണ് ഡോക്ടർമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. എന്നാൽ  പ്രാഥമിക അന്വേഷണ റിപ്പോർട്ട് കുടുംബം തള്ളി. തങ്ങളുടെ ഭാഗം കേൾക്കാൻ ആരോഗ്യ വകുപ്പ് തയ്യാറായില്ല. ഒന്നാം പ്രതിയായ മെഡിക്കൽ കോളേജ് സൂപ്രണ്ട് തയ്യാറാക്കുന്ന റിപ്പോർട്ടില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലന്ന് ഇരട്ടകുട്ടികളുടെ പിതാവ് ഷെരീഫ് പറഞ്ഞു.

തങ്ങളുടെ ഭാഗം പറയാതെയാണ് ആരോഗ്യമന്ത്രി റിപ്പോർട്ട് വായിച്ചത്. മന്ത്രി ഒരു സ്ത്രീ ആയിട്ടുപോലും മറ്റൊരു സ്ത്രീയുടെ വേദന മനസിലാക്കുന്നില്ലേ എന്നും ഷെരീഫ് വേദനയോടെ ചോദിക്കുന്നു. ഈ സാഹചര്യത്തിൽ നീതി ലഭിക്കാനായി കോടതിയെ സമീപിക്കുമെന്നും ഷെരീഫ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

Comments (0)
Add Comment