ട്വന്റി-20യിൽ കൊഴിഞ്ഞുപോക്ക്: ഏകാധിപത്യത്തിനെതിരെ കലാപം ഉയർത്തി പ്രമുഖ നേതാക്കൾ കോൺഗ്രസിലേക്ക്

Jaihind News Bureau
Friday, January 30, 2026

കിഴക്കമ്പലം ആസ്ഥാനമായ ട്വന്റി-20 പാർട്ടിയിൽ നാടകീയമായ കൂടുമാറ്റം. എൻഡിഎ സഖ്യത്തിൽ ചേരാനുള്ള പാർട്ടി അധ്യക്ഷൻ സാബു ജേക്കബിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പ്രമുഖ നേതാക്കളും അണികളും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. സാബു ജേക്കബിന്റേത് ഏകാധിപത്യപരമായ നിലപാടാണെന്നും മോഹനവാഗ്ദാനങ്ങൾ നൽകി പാർട്ടി പ്രവർത്തകരെയും നേതാക്കളെയും വഞ്ചിക്കുകയാണെന്നും വിമത നേതാക്കൾ ആരോപിച്ചു. കോലഞ്ചേരിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഇവർ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

കോൺഗ്രസിലേക്ക് എത്തിയ നേതാക്കളെ കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ട്വന്റി-20യുടെ കോട്ടകളിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ മാറ്റങ്ങൾക്ക് ഈ കൂടുമാറ്റം വഴിവെക്കുമെന്ന് വി.പി. സജീന്ദ്രൻ പറഞ്ഞു. സാമ്പത്തിക താൽപ്പര്യങ്ങൾക്കും വ്യക്തിപരമായ അജണ്ടകൾക്കുമായി പാർട്ടി നയങ്ങളെ സാബു ജേക്കബ് അടിയറവ് വെച്ചുവെന്ന കടുത്ത ആരോപണമാണ് വാർത്താ സമ്മേളനത്തിൽ ഉയർന്നത്.