ശബരിമല സന്നിധാനത്ത് നടന്നത് സ്വര്‍ണക്കവര്‍ച്ച തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയും കൂട്ടാളികളും ഗൂഢാലോചന നടത്തിയാണ് സ്വര്‍ണം കവര്‍ന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.
1998-ല്‍ വിജയ് മല്യ നല്കിയ ദ്വാരപാലക ശില്പങ്ങള് ഉള്‍പ്പെടെ സ്വര്‍ണം പൊതിഞ്ഞ നിലയിലായിരുന്നു. ഇതിനു പകരമായി സ്വര്‍ണം പൂശി നല്കിയാല് മോഷണം പിടിക്കപ്പെടില്ലെന്ന കണക്കുകൂട്ടലിലാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റ് ചെയ്തെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നും അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.
കേസിന്റെ ഗൗരവം കണക്കിലെടുത്ത്, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് മുതല്‍ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് അടച്ചിട്ട കോടതി മുറിയിലായിരിക്കും പരിഗണിക്കുക. ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ബെഞ്ച് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം, സ്വര്‍ണക്കൊള്ളയുടെ സ്പോണ്‍സറായ ഉണ്ണികൃഷ്ണന് പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 2019-ല്‍ സ്വര്‍ണം പൂശുന്നതിനായി ദ്വാരപാലക ശില്പങ്ങളുടെ പാളികള്‍ സന്നിധാനത്ത് നിന്ന് ഏറ്റുവാങ്ങി ബംഗളൂരുവിലേക്ക് കൊണ്ടുപോയത് അനന്ത സുബ്രഹ്മണ്യമാണ്. ഇവിടെ നിന്ന് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് എത്തിക്കുന്നതിനിടെ സ്വര്‍ണം കവര്‍ന്നെന്നാണ് എസ്ഐടി കരുതുന്നത്. നാഗേഷ്, കല്‍പ്പേഷ് തുടങ്ങിയ മറ്റ് കൂട്ടുപ്രതികളിലേക്ക് എത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. പോറ്റിയില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങള്‍, അയാളുടെ സാമ്പത്തിക ഇടപാടുകള്‍, ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെയും ഉന്നതരുടെയും പങ്ക് എന്നിവയെക്കുറിച്ചുള്ള മൊഴികളും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടാകും.