തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം മാപ്പര്‍ഹിക്കാത്ത ജനവഞ്ചന – വി.എം സുധീരന്‍റെ ലേഖനം

Jaihind News Bureau
Saturday, August 22, 2020

V.M.-Sudheeran

തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തിന്‍റെ  സ്വകാര്യവല്‍ക്കരണം ജനതാല്‍പര്യങ്ങള്‍ക്കും സംസ്ഥാന താല്‍പര്യത്തിനും തീര്‍ത്തും വിരുദ്ധമാണ്. രാഷ്ട്രത്തിന്‍റെ പൊതുസമ്പത്ത് സ്വകാര്യ കുത്തകയായ അദാനി ഗ്രൂപ്പിന് തീറെഴുതിക്കൊടുക്കുന്ന നടപടി മാത്രമാണ് അത്. സ്വകാര്യവല്‍ക്കരിച്ചാലേ വികസനം വരൂ എന്ന തെറ്റായ പ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇപ്പോഴത്തെ സംഘടിത നീക്കം.

ജനങ്ങള്‍ തെരഞ്ഞെടുത്ത ജനാധിപത്യ ഭരണകൂടത്തിന് കീഴില്‍ വികസനം നടക്കില്ല,  മറിച്ച് പൊതുസ്ഥാപനങ്ങളും സംരംഭങ്ങളും ആസ്തിവകകളും സ്വകാര്യ വ്യക്തികള്‍ക്കോ ഗ്രൂപ്പിനോ കൈമാറിയെങ്കിലേ അതെല്ലാം ഫലപ്രദമായി നടത്തിക്കൊണ്ട് പോകാനാകൂ എന്നു വരുന്നത് ജനാധിപത്യ സംവിധാനത്തിന് തന്നെ അപമാനകരമാണ്. ഇക്കണക്കിന് പോയാല്‍ കേന്ദ്ര-സംസ്ഥാന ഭരണം തന്നെ സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കണമെന്ന വാദം അധികം താമസിയാതെ ഉയര്‍ന്നു വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല.

മുപ്പതിനായിരം കോടിയിലേറെ വരുന്ന പൊതുസ്വത്ത് വേണ്ടത്ര നിയന്ത്രണങ്ങളോ നിബന്ധനകളോ ഇല്ലാതെ സ്വകാര്യ കുത്തകയായ അദാനി ഗ്രൂപ്പിന് കൈമാറുന്ന ഈ ജനവഞ്ചനയെ എന്തോ വലിയൊരു സംഭവമായി ചിത്രീകരിക്കാനാണ് ‘അദാനി സ്പോണ്‍സേഡ്’ പ്രചാരകര്‍ ശ്രമിക്കുന്നത്. വസ്തുതകള്‍ക്ക് നിരക്കാത്ത വാദഗതിയാണ് അവരൊക്കെ ഉന്നയിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ വികസനത്തിനായാലും ജനങ്ങള്‍ക്ക് അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായാലും കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കഴിയുന്നത്ര മറ്റാര്‍ക്കുമാകില്ല. ഇപ്പോള്‍ തന്നെ സേവനത്തിലും വരുമാനത്തിലും ഈ വിമാനത്താവളം മുന്നില്‍ തന്നെയാണ്. യഥാര്‍ത്ഥ സ്ഥിതി നമുക്ക് പരിശോധിക്കാം.

തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളം ഇപ്പോള്‍ തന്നെ വന്‍ ലാഭത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. 2017-18 സാമ്പത്തികവര്‍ഷത്തില്‍ 169.32 കോടി രൂപയാണ് ലാഭം. 2018-19 ല്‍ ഇത് 179.63 കോടി രൂപയായി ഉയര്‍ന്നു. സ്വകാര്യവല്‍ക്കരണത്തെ മുന്‍നിര്‍ത്തി വിമാനത്താവളത്തിന്‍റെ  വരുമാനം കുറച്ചുകാണിക്കാനുള്ള സംഘടിതമായ ഗൂഢനീക്കം വ്യോമയാന മന്ത്രാലയത്തിന്‍റെ ഭാഗത്തുനിന്നുണ്ടായി. അതിന്‍റെ ഫലമായി നിരവധി വിമാന സര്‍വ്വീസുകള്‍ നിര്‍ത്തുന്ന സാഹചര്യത്തിലേയ്ക്ക് അവര്‍ എത്തിച്ചു. വിമാനക്കമ്പനികള്‍ തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്ക് സര്‍വ്വീസുകള്‍ നടത്താന്‍ തയ്യാറായെങ്കിലും വ്യോമയാന അധികൃതര്‍ അതിന് മനഃപ്പൂര്‍വ്വം സമ്മതിച്ചില്ല. അതേതുടര്‍ന്ന് ഇത്തിഹാദ്, എമിറേറ്റ്‌സ്, സൗദിയ, ഫ്‌ളൈ ദുബൈയ്, മലിന്‍റോ തുടങ്ങിയ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി. ജെറ്റ് എയര്‍വേസ് സമ്പൂര്‍ണ്ണമായി സര്‍വ്വീസ് നിർത്തിയതിനു പകരമായി ആ റൂട്ടകളില്‍ സ്‌പൈസ് ജെറ്റ് സര്‍വ്വീസിനു തയ്യാറായെങ്കിലും അതിന് അനുവദിച്ചില്ല. സ്വകാര്യവല്‍ക്കരണത്തിന് തിരുവനന്തപുരം വിമാനത്താവളത്തിനെ പാകപ്പെടുത്താന്‍ വരുമാനം കുറയ്ക്കുക എന്ന സിവില്‍ ഏവിയേഷന്‍ അധികൃതരുടെ കള്ളക്കളികളുടെ ഭാഗമായിരുന്നു ഇതെല്ലാം. ഈ ദുഷ്ടലാക്ക് ഉപേക്ഷിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍ ഈ വിമാനത്താവളം ഇനിയും കൂടുതല്‍ ലാഭത്തിലെത്താക്കാനാവും.

യാത്രക്കാരുടെ എണ്ണത്തിലാകട്ടെ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2011-12 ല്‍ ആഭ്യന്തര-വിദേശ യാത്രക്കാരുടെ എണ്ണം 25 ലക്ഷമായിരുന്നത് 2017-18ല്‍ 44 ലക്ഷത്തോളമായി ഉയര്‍ന്നു. 2018-19ല്‍ യാത്രക്കാരുടെ എണ്ണം 45.59 ലക്ഷമായി വര്‍ധിക്കുകയും ചെയ്തു. വരുമാനത്തിലും, യാത്രക്കാരുടെ എണ്ണത്തിലും ഇത്രയേറെ മുന്നേറ്റമുണ്ടായ തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യഗ്രൂപ്പിന് കൈമാറുന്നത് തുഗ്ലക് പരിഷ്‌കാരമാണെന്നതില്‍ സംശയമില്ല. വികസനത്തിന്‍റെ കാര്യത്തിലും വന്‍ മുന്നേറ്റത്തിലാണ് ഈ വിമാനത്താവളം. നിലവിലുള്ള 628 ഏക്കറിന് പുറമേ 18 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കുന്ന പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ പുതിയ ടെര്‍മിനല്‍ ബില്‍ഡിംഗിന് വഴിയൊരുങ്ങും. അതിനായി 600 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്. 1500 കോടി രൂപ ചെലവില്‍ നേരത്തെ നടപ്പിലാക്കിയ വികസന പദ്ധതികള്‍ക്ക് പുറമേയാണിത്.

ജനഹിതം മാനിച്ചും യാത്രക്കാരുടെ സൗകര്യങ്ങളെ മുന്‍നിര്‍ത്തി തുടര്‍ വികസന പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും ആഭ്യന്തര-രാജ്യാന്തര വിമാന സര്‍വീസുകള്‍ കൂടുതലായി ആരംഭിക്കുന്നതിനും പൊതുമേഖലാ സ്ഥാപനമായ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കഴിയുന്നതുപോലെ സ്വകാര്യ കുത്തക ഗ്രൂപ്പിന് കഴിയില്ല. വിമാനത്താവള നടത്തിപ്പിന് നല്ല പരിചയമുള്ള സംവിധാനമാണ് അനിവാര്യമായിട്ടുള്ളത്. എന്നാല്‍ സ്വകാര്യ കുത്തകയായ അദാനി ഗ്രൂപ്പിനാകട്ടെ വിമാനത്താവള നടത്തിപ്പില്‍ യാതൊരു മുന്‍പരിചയവും ഇല്ല. കേന്ദ്ര സര്‍ക്കാരിന്‍റെ വ്യവസ്ഥകളെല്ലാം അദാനിക്ക് വേണ്ടി മാത്രം രൂപപ്പെടുത്തിയിട്ടുള്ളതാണ്. ലേലം ചെയ്യുന്നതിന് ചുരുങ്ങിയ കരുതല്‍ സംഖ്യ പോലും പറഞ്ഞിരുന്നില്ല. അതൊക്കെ ഒഴിവാക്കി കൊടുത്തിരിക്കുകയായിരുന്നു.

മറ്റ് പല വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ പോലും തിരുവനന്തപുരത്ത് അദാനിയുടെ കാര്യത്തില്‍ ഉണ്ടായിരുന്നില്ല. ആന്ധ്രയിലെ ബോഗപുരം ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്‍റെ  കാര്യത്തില്‍ ആദ്യത്തെ മൂന്ന് വര്‍ഷത്തിനകം 2700 കോടി രൂപ ഉള്‍പ്പെടെ രണ്ടാംഘട്ടത്തില്‍ 4300 കോടി രൂപ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. ഓരോ യാത്രക്കാരില്‍നിന്നും ഈടാക്കേണ്ട തുക സംബന്ധിച്ച് യാതൊരു പഠനവും നടത്തിയിരുന്നില്ല. ഇപ്പോള്‍ തന്നെ യൂസര്‍ ഡെവലപ്മെന്‍റ് ഫീസ് ഇനത്തില്‍ ആഭ്യന്തര യാത്രക്കാരില്‍ നിന്നും 506 രൂപ വീതവും വിദേശ യാത്രക്കാരില്‍ നിന്നും 1069 രൂപ വീതവുമാണ് പിരിക്കുന്നത്. ഇതില്‍നിന്നും യാഥാക്രമം 168 രൂപയും 336 രൂപയും അദാനി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൊടുത്താല്‍ മതി. ഈ ഇനത്തില്‍ മാത്രം ഏതാണ്ട് 131 കോടി രൂപ അദാനിക്ക് ഒരു വര്‍ഷത്തില്‍ ലാഭം കിട്ടും.

അദാനി ഗ്രൂപ്പിനെ സഹായിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് സര്‍വ്വ കരുനീക്കങ്ങളും കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. വിമാനങ്ങളുടെ ലാന്‍ഡിംഗ്/ഹൗസിംഗ് ഫീസുകള്‍, കൊമേഴ്സ്യല്‍ സ്ഥാപനങ്ങളില്‍ നിന്നും കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ നിന്നുമുള്ള വരുമാനം, പരസ്യങ്ങള്‍ ഇതെല്ലാം ചേര്‍ന്ന് പ്രതിമാസം ഏകദേശം 8.22 കോടി രൂപ എന്നനിലയില്‍ ഒരു വര്‍ഷത്തേക്ക് 98.64 കോടി രൂപ അദാനിക്ക് കിട്ടും. ഇതിനെല്ലാം പുറമെയാണ് വിമാനത്താവളത്തിന്റെ 628 ഏക്കര്‍ ഭൂമി. ഇതാണ് അദാനിയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഈ ഭൂമിയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും ഭൂമി മറിച്ചു നല്‍കി വന്‍തോതില്‍ വരുമാനം ഉണ്ടാക്കാനുമാകും. എ.ടി.സി. നടത്തിപ്പിനുവേണ്ടിവരുന്ന ഭാരിച്ച ചെലവില്‍നിന്നും അദാനിയെ ഒഴിവാക്കിയിരിക്കുന്നു എന്നാണ് അറിയുന്നത്. അതെല്ലാം എയര്‍പ്പോര്‍ട്ട് അതോരിറ്റിയുടെമേല്‍ത്തന്നെ കെട്ടി ഏല്‍പ്പിച്ചിരിക്കുകയാണ്. എയര്‍പോര്‍ട്ട് അതോറിറ്റി നിയമത്തിന് വിരുദ്ധമായി 50 വര്‍ഷത്തേക്ക് കരാര്‍ നീട്ടിയതും അദാനിക്ക് വേണ്ടി തന്നെയാണ്. യോഗ്യതാ നിര്‍ണ്ണയം, പദ്ധതി നിര്‍ദ്ദേശം എന്നീ കാര്യങ്ങള്‍ അതീവ തിടുക്കത്തിലാണ് നടത്തിയത്.

ചുരുക്കത്തില്‍ സര്‍ക്കാര്‍ താല്‍പര്യവും ജനതാല്‍പര്യവും സമ്പൂര്‍ണ്ണമായി അദാനിക്കുവേണ്ടി ബലിയര്‍പ്പിച്ചിരിക്കുകയാണ്. അദാനിയുടെ സാമ്പത്തികഭാരം പരമാവധി ഒഴിവാക്കി നടത്തിപ്പുകാരനെന്ന നിലയില്‍ അദാനിക്ക് കൊള്ളലാഭത്തിന് കേന്ദ്രസര്‍ക്കാര്‍ വഴിയൊരുക്കിയിരിക്കുകയാണ്. നിര്‍ദ്ദിഷ്ട കൈമാറ്റ പദ്ധതിയില്‍ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. ആശങ്കാജനകമായ അവസ്ഥയിലാണ് അവരെല്ലാം. ഡല്‍ഹി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളുടെ സ്വകാര്യ വല്‍ക്കരണം മൂലം എയര്‍പോര്‍ട്ട് അതോറിറ്റിക്കും അതുവഴി രാഷ്ട്രത്തിനും വന്‍ നഷ്ടമാണ് വരുത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ ഭൂമി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ 1,63,557 കോടി രൂപയുടെ നഷ്ടമാണ് വന്നിട്ടുള്ളതെന്ന് സി.എ.ജി. തന്നെ കണ്ടെത്തിയിട്ടുണ്ട്.

സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഡല്‍ഹി വിമാനത്താവളം ലോകത്തിലെ ഏറ്റവും ചെലവേറിയതാണെന്നാണ് ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ തന്നെ വിശേഷിപ്പിച്ചിട്ടുള്ളത്. സ്വകാര്യവല്‍ക്കരിക്കപ്പെട്ട മുംബൈ എയര്‍പ്പോര്‍ട്ട് നടത്തിപ്പുകാരായ ജി.വി.കെ. ഗ്രൂപ്പിനെതിരെ അതി ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ക്കും അഴിമതിയ്ക്കും സി.ബി.ഐ. കേസ്സെടുത്തിരിക്കുകയാണ്. വേള്‍ഡ് ക്ലാസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എഗ്രിമെന്‍റുണ്ടാക്കിയ ഈ ഗ്രൂപ്പ് അതിന്‍റെ പേരില്‍ നടത്തിയ വന്‍ സാമ്പത്തിക തട്ടിപ്പ് സ്വകാര്യവല്‍ക്കരണത്തിനുവേണ്ടി ആവേശപൂര്‍വ്വം വാദിക്കുന്നവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. വന്‍ നഷ്ടം വരുത്തിവച്ച ഡല്‍ഹി വിമാനത്താവളത്തിന്‍റെ അവസ്ഥയും ഈ വാദഗതിക്കാര്‍ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കിക്കാണണം.

വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിന്‍റെ ദോഷഫലങ്ങള്‍ മുരളി മനോഹര്‍ ജോഷി ചെയര്‍മാനായ പാര്‍ലമെന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സീതാറാം യെച്ചൂരി ചെയര്‍മാനായിരുന്ന പാര്‍ലമെന്‍റിന്‍റെ  ഗതാഗത-ടൂറിസം-സാസംകാരിക വകുപ്പുകള്‍ക്കുവേണ്ടിയുള്ള സ്റ്റാന്റിംഗ്കമ്മിറ്റി വിമാനത്താവളങ്ങളുടെ നിര്‍മ്മാണം ഓപ്പറേഷന്‍ മെയിന്‍റനന്‍സ് തുടങ്ങിയ എല്ലാകാര്യങ്ങളും എയര്‍പ്പോര്‍ട്ട് അതോറിറ്റിയില്‍ത്തന്നെ നിലനിര്‍ത്തണമെന്നാണ് ശുപാര്‍ശചെയ്തിട്ടുള്ളത്.

മുന്‍ സര്‍ക്കാരിന്‍റെ  കാലത്ത് ഡല്‍ഹി ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിച്ച നടപടി രാജ്യത്തിന് വന്‍ നഷ്ടമാണ് ഉണ്ടാക്കിയതെന്ന വസ്തുതയും മുംബൈ വിമാനത്താവള നടത്തിപ്പുകാരുടെ കെടുകാര്യസ്ഥതയും അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും കണ്ടില്ലെന്നു നടിച്ചുകൊണ്ട് ആ അനുഭവങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊള്ളാതെയാണ് സ്വകാര്യവല്‍ക്കരണത്തിന് അതിരുകവിഞ്ഞ ഭ്രമവുമായി ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. തന്നെയുമല്ല, തന്ത്ര പ്രധാനമായതും എയര്‍ഫോഴ്സ് ഓപ്പറേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടി വരുന്നതുമായ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് രാജ്യസുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നത് അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.

കേന്ദ്ര പബ്ലിക് എന്‍രർപ്രൈസസ് നടത്തിയ വിലയിരുത്തലില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ റേറ്റിംഗ് 90.02 ആണ്. ഇത്തരത്തില്‍ എക്സലന്റ് റേറ്റിംഗ് ഉള്ള എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നത് തികച്ചും അര്‍ത്ഥശൂന്യവും ദുരൂഹവുമാണ്. രാജ്യത്ത് എയര്‍പ്പോര്‍ട്ട് അതോരിറ്റിയുടെ കീഴിലുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള യാതൊരു പ്രൊപ്പോസലും രാജ്യത്തിനില്ലെന്ന് വ്യോമയാന സഹമന്ത്രി രാജ്യസഭയ്ക്കു നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തിന്‍റെ പൊതുസമ്പത്ത് കൊള്ളയടിക്കാന്‍ സ്വകാര്യ കുത്തക കമ്പനിക്ക് സര്‍വ്വ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ദേശദ്രോഹ അജണ്ടയുടെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം പിന്‍വലിച്ചേ മതിയാകൂ. അതിനായി ശക്തമായ ജനപ്രതിരോധം ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും നീക്കം ഉണ്ടായപ്പോള്‍ അതിനെ ശക്തമായി ചെറുത്ത് പരാജയപ്പെടുത്തിയത് അതാത് സംസ്ഥാന സര്‍ക്കാരുകളാണ്.

നിര്‍ഭാഗ്യവശാല്‍ ആ തരത്തില്‍ ഫലപ്രദമായ ചെറുത്തുനില്‍പ്പ് കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇക്കാര്യത്തില്‍ സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 24.01.2019, 09.02.2019 എന്നീ തീയതികളില്‍ ബഹു.മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതെല്ലാം നേരത്തെ ചെയ്തിരുന്നെങ്കില്‍ കേരളത്തിന്റെ ഒറ്റക്കെട്ടായ എതിര്‍പ്പ് യഥാസമയംതന്നെ ഔദ്യോഗികമായി കേന്ദ്രസര്‍ക്കാരിനെ അറിയിക്കാമായിരുന്നു. എതായാലും ഇപ്പോഴെങ്കിലും രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ചചെയ്യാനും നിയമസഭയില്‍ പ്രമേയം കൊണ്ടുവരാനും തീരുമാനിച്ചത് നന്നായി.

ഇനിയെങ്കിലും കൂടുതല്‍ ശക്തമായ പ്രതിഷേധ-പ്രതികരണത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരണം. യാതൊരു കാരണവശാലും ‘സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്‍റി’ല്‍ ഒപ്പിടില്ല എന്നു പ്രഖ്യാപിക്കാനും അതില്‍ ഉറച്ചുനിര്‍ക്കാനുമുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുകയും വേണം. കേരളത്തിലെ ജനങ്ങള്‍ക്കുനേരെ വെല്ലുവിളിഉയര്‍ത്തി തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവല്‍ക്കരിച്ചേ അടങ്ങൂഎന്ന കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധവും ജനദ്രോഹപരവുമായ തീരുമാനം പിന്‍വലിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളും ഒറ്റക്കെട്ടായിത്തന്നെ മുന്നോട്ടുപോണം.

സര്‍വ്വവിധ കുപ്രചരണങ്ങളെയും ഗൂഢനീക്കങ്ങളെയും തള്ളിക്കളഞ്ഞ് തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളം രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വന്തമായി കേന്ദ്രസര്‍ക്കാരിന്‍ കീഴില്‍ എയര്‍പ്പോര്‍ട്ട് അതോരിറ്റിതന്നെ നടത്തുന്ന സ്ഥിതി നിലനിര്‍ത്തണം. അതിനായി ഒത്തൊരുമയോടെ പോരാടിയേ മതിയാകൂ. രാജ്യത്തിന്‍റെ പൊതു സമ്പത്ത് കൊള്ളയടിക്കാന്‍ സ്വകാര്യ കുത്തകകളെ അനുവദിച്ചുകൂടാ.