മലയാളത്തിന്‍റെ പ്രിയ കവി ഒഎൻവി കുറുപ്പ് വിടവാങ്ങിയിട്ട് മൂന്ന് വർഷം

അഞ്ച് പതിറ്റാണ്ടിലേറെക്കാലം മലയാള കാവ്യലോകത്ത് നിറഞ്ഞൊഴുകിയ പ്രിയ കവി ഒഎൻവി കുറുപ്പ് വിടവാങ്ങിയിട്ട് ഇന്ന് 3 വർഷം. കവിതയെ ഹൃദയത്തോട് ചേർത്ത് നിർത്തി മലയാളി മനസ്സുകളിൽ ഒഎൻവി എന്ന മൂന്നക്ഷരം മുദ്ര ചാർത്തിയാണ് അദ്ദേഹം വിടവാങ്ങിയത്.

കവിതകളിലൂടെ സാഹരങ്ങളെ പോലും പാടി ഉണർത്തിയ മലയാളത്തിന്‍റെ പ്രിയകവി. അവിസ്മരണീയ ഗാനങ്ങളുടെ നറുതേൻ നിലാവ് പൊഴിച്ച കാവ്യഭംഗിക്കുടമ. മലയാളത്തെ ഭാവസാന്ദ്രമാക്കിയ കാവ്യ സൂര്യൻ, അങ്ങിനെ വിശേഷണങ്ങൾ ഏറെയാണ് മലയാളിക്ക് ഒഎൻവി എന്ന മൂന്നക്ഷരത്തിന്. 5 പതിറ്റാണ്ടിലേറെക്കാലം മലയാളകാവ്യലോകത്ത് നിറഞ്ഞൊഴുകിയസർഗ്ഗ ചേതനയുടെ പ്രവാഹമാണ് പ്രിയകവിയുടെ വിയോഗത്തിലൂടെ നിലച്ചത്.

1931 മേയ് 27ന് കൊല്ലം ജില്ലയിലെ ചവറയിൽ ഒ എൻ കൃഷ്ണകുറുപ്പിന്‍റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും മൂന്നാമത്തെ മകനായിട്ടാണ് ഒഎൻവിയുടെ ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. തുടർന്ന് എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. മഹാരാജാസിൽ ശിഷ്യയായിരുന്ന പി പി സരോജിനിയെ തന്റെ ജീവിതസഖിയാക്കി. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിത എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. നല്ല അധ്യാപകനും നല്ല കവിയും അതിലുപരി നല്ല മനുഷ്യനുമായിരുന്നു മലയാളിക്ക് ഒഎൻ വി.

ഒഎൻവി എന്ന് ത്രയാക്ഷരത്തിന്‍റെ കാതലായിരുന്നു മനുഷ്യൻ, പ്രകൃതി, ഭാഷ, എന്നീ ആശയങ്ങൾ. ഭാഷ നശിക്കുന്നിടത്ത് മനുഷ്യന് സ്വത്വം നഷ്ടപ്പെടുമെന്ന് അദ്ദേഹം വിശ്വസിച്ചു. സമൂഹത്തിന്‍റെ എല്ലാ തുറകളിൽ പെട്ടവരെയും തന്‍റെ കവിതയുടെ ഭാഗമാക്കാൻ ഒഎൻവി കുറുപ്പിന് കഴിഞ്ഞു. കവിതയും പാട്ടും തമ്മിലുള്ള അകലം ഇല്ലാതാക്കിയ കവിയായിരുന്നു ഒഎൻവി.

1949ൽ കമ്മ്യൂണിസ്റ്റ് നേതാവ് എം.എൻ.ഗോവിന്ദൻ നായർ കൊല്ലത്ത് ഒളിവിൽ താമസിക്കുന്നതിനിടയിൽ അഷ്ടമുടിക്കയലിന്‍റെ തീരത്തെ ഒരു വള്ളപ്പുരയിൽ കാവലിന് എത്തിയത് ഒ.എൻ.വിയും ദേവരാജൻ മാസ്റ്ററുമായിരുന്നു. അന്ന് ഒഎൻവിയുടെ സർഗ സൃഷ്ടിയിൽ വിരിഞ്ഞതാണ് പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളെ എന്ന കവിത. കവിതയിൽ ആകൃഷ്ടനായ ദേവരാജൻ മാസ്റ്റർ അതിന് നാം ഇന്ന് കേൾക്കുന്ന ചൊൽവഴക്കം നൽകി. പിന്നീടത് നിങ്ങൾ എന്നെ കമ്മൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ ആ ഗാനം ജനമനസ്സുകളിൽ കുടിയേറി. ഒരു പുത്തൻ നാടകഗാന ശാഖയുടെ തുടക്കം കൂടിയായിരുന്നു ഇത്.

ഒ.എൻ.വിയുടെ വരികൾക്ക് പഴയ തലമുറ, പുതിയ തലമുറ എന്ന വ്യത്യാസമില്ലായിരുന്നു. തോപ്പിൽ ഭാസി വയലാർ ദേവരാജൻ മാസ്റ്റർ ഒ എൻ വി കൂട്ടുകെട്ടിൽ പിറന്ന നാടകങ്ങളും നാടകഗാനങ്ങളും മലയാളിക്ക് പുത്തൻ അനുഭൂതി പകർന്നു. മലയാള സിനിമയിൽ അർത്ഥവത്തായ ഭാഷാശൈലിയിലൂടെ സിനിമയെയും കീഴടക്കിയ ഒഎൻവി പല ചലച്ചിത്രങ്ങളിലും ജീവിതത്തിന്‍റെ നേർസാക്ഷ്യം വരികളിൽ കുറിച്ചു. 1955 ൽ കാലം മാറുന്നു എന്ന ചിത്രത്തിനായി ആദ്യഗാനം രചിച്ചു. തുടർന്ന് കാട്ടുപൂക്കൾ, കരുണ, കുമാരസംഭവം, ശ്രീകൃഷ്ണലീല, മദനോത്സവം, പ്രതീക്ഷ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒ എൻ വിയുടെ തൂലികയിൽ പിറന്ന ഗാനങ്ങൾ മലയാളി കേട്ടു… ഏറ്റുപാടി.

1998ൽ പത്മവിഭൂഷണും 2007ൽ ജ്ഞാനപീഠത്തിനും 2011ൽ പത്മശ്രീ പുരസ്‌കാരവും ഒഎൻവിക്ക് ലഭിച്ചു. ഇതിനു പുറമെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം, ചങ്ങമ്പുഴ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോൾ എന്റെ ഏറ്റവും ചൈതന്യവത്തായൊരശം ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകും, അതാണെൻറെ കവിത’എന്ന് ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് കവി തന്നെ പറഞ്ഞിരുന്നു.

https://www.youtube.com/watch?v=_mklJayifLA

ആരെയും ഭാവഗായകനാക്കിയ കാവ്യ ഗന്ധർവന്റെ വിയോഗമേൽപിച്ച മറിവ് മലയാള നാടിന്റെ ആത്മാവിലെ നിത്യ ശൂന്യതയായി എന്നും നിലകൊള്ളും എന്നതിൽ സംശയമില്ല.

ONV Kurup
Comments (0)
Add Comment