ശബരിമല: ദേവസ്വം ബോർഡ് സാവകാശ ഹർജി ഇന്ന് ഫയല്‍ ചെയ്യും

Jaihind Webdesk
Monday, November 19, 2018

Sabarimala-SC

ശബരിമല വിഷയത്തിൽ സാവകാശ ഹർജി ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ ഇന്ന് ഫയൽ ചെയ്യും. പ്രളയം, പ്രക്ഷോഭം എന്നിവയെ തുടർന്ന് സ്ത്രീകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായില്ല എന്നാകും ദേവസ്വം ബോർഡ് കോടതിയെ ധരിപ്പിക്കുക.

ഹർജി ശനിയാഴ്ച ഫയൽ ചെയ്യുമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് ആദ്യം പറഞ്ഞത്. എന്നാൽ ശനിയാഴ്ച ആയതിനാൽ സുപ്രീം കോടതി രജിസ്‌ട്രാർ ഓഫീസ് ഉച്ച വരെയേ പ്രവർത്തിച്ചിരുന്നുള്ളൂ. ഉച്ചയ്ക്ക് മുമ്പ് ബോർഡിന് ഹർജി നൽകാൻ കഴിഞ്ഞില്ല. ക്രമസമാധാന പ്രശ്നം സാവകാശ ഹർജിയിൽ ഉന്നയിക്കില്ല. അങ്ങനെ ഉന്നയിച്ചാൽ അത് സംസ്ഥാനസർക്കാരിനെ തിരിഞ്ഞ് കൊത്തും. വിധി നടപ്പാക്കുന്നതിന് സമയ പരിധിയും ദേവസ്വം ബോർഡ് തേടില്ല. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് വഴിയൊരുക്കിയ ഇന്ത്യൻ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍റെ 2006ലെ ഹർജിയിലായിരിക്കും സാവകാശ ഹർജി ഫയൽ ചെയ്യുക.

വിധി നടപ്പാക്കാൻ കോടതി കൃത്യമായ സമയപരിധി കല്‍പിക്കുകയോ നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാനോ ഉത്തരവിട്ടിട്ടില്ല. ആയതിനാൽ വിധി നടപ്പാക്കാൻ എങ്ങനെ സാവകാശം ചോദിച്ചു കോടതിയെ സമീപിക്കും എന്ന് ദേവസ്വം ബോർഡിനെ കുഴയ്ക്കുന്നുണ്ട്. പക്ഷെ കോടതിയെ സമീപിക്കാനുള്ള നിയമോപദേശം ബോർഡിന് കിട്ടിയുണ്ട്. ശബരിമല മാസ്റ്റർപ്ലാൻ കേസിലെ ഉന്നതാധികാര സമിതി റിപ്പോർട്ടും നിർമാണങ്ങൾ വിലക്കണമെന്ന് കോടതി ശുപാർശ നൽകിയതും ബോർഡ് ഉയർത്തി കാട്ടും.

അപേക്ഷ പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സമ്മതിച്ചാൽ യുവതീ പ്രവേശന വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ചിന് മുൻപാകെ കേസ് ലിസ്റ്റ് ചെയ്യും. അപേക്ഷ പരിഗണിക്കാൻ തുടക്കത്തിൽ തന്നെ ചീഫ് ജസ്റ്റിസ് വിസമ്മതിക്കാനും സാധ്യതയുണ്ട്.
അപേക്ഷ ജനുവരിയിൽ പുനഃപരിശോധന ഹർജികൾക്ക് ഒപ്പം പരിഗണിക്കാനാണ് മറ്റൊരു സാധ്യത.[yop_poll id=2]