തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ നിര്‍ണായകയോഗം ഇന്ന്

Jaihind Webdesk
Wednesday, November 7, 2018

തിരുവതാംകുർ ദേവസ്വം ബോർഡിന്‍റെ നിർണായക യോഗം ഇന്ന് ചേരും. ശബരിമല മണ്ഡല കാലത്തിനായി പത്ത് ദിവസം മാത്രം അവശേഷിക്കെ സ്വീകരിക്കേണ്ട നടപടികളും നിലവിലെ സാഹചര്യങ്ങളും ബോർഡ് ചർച്ച ചെയ്യും.

നട അടയ്ക്കുന്നതിന് തന്ത്രി തന്‍റെ അഭിപ്രായം തേടിയെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിനെ കുറിച്ച് തന്ത്രി നൽകിയ വിശദീകരണം യോഗം ചർച്ച ചെയ്യും. ഇരുമുടിക്കെട്ടില്ലാതെ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയും ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസും പതിനെട്ടാം പടി കയറിയത് സംബന്ധിച്ചും ചർച്ച ഉണ്ടാകും. സന്നിധാനത്ത് ഭക്തർക്ക് നേരിടേണ്ടി വന്ന പോലീസ് നടപടികൾ സുപ്രീം കോടതി പുനഃപരിശോധന ഹർജി പരിഗണിക്കുമ്പോൾ നൽകേണ്ട മറുപടി തുടങ്ങിയവയും ചർച്ചയാകും.

സന്നിധാനത്ത് പരികർമികൾ നടത്തിയ പ്രതിഷേധത്തിൽ നടപടി എടുക്കുന്നതിനെ കുറിച്ച് ബോർഡ് ആലോചിക്കുന്നുണ്ട്. ഇക്കാര്യവും യോഗം ചർച്ച ചെയ്തേക്കും. ശബരിമലയിൽ ബോർഡിനെ അവഗണിച്ചുകൊണ്ടുള്ള നടപടികളാണ് ഉണ്ടാകുന്നതെന്ന് പ്രസിഡന്‍റ് പത്മകുമാറിന് അഭിപ്രായം ഉണ്ട്. എന്നാൽ ഇക്കാര്യം അദ്ദേഹം പരസ്യമാക്കുന്നില്ല. ബോർഡ് അംഗം കെ.പി ശങ്കരദാസുമായി പ്രസിഡന്‍റിന് അഭിപ്രായ വ്യത്യാസവും ശക്തമാണ്.