കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്

Jaihind News Bureau
Sunday, November 17, 2019

 

വരുമാനത്തില്‍ കടുത്ത ഇടിവ് നേരിട്ടതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ശമ്പളം കൊടുക്കാൻ പോലും വരുമാനം തികയാത്ത പ്രതിസന്ധിയിലേക്കാണ് ദേവസ്വം ബോർഡ് നീങ്ങുന്നത്. കരുതൽ നിക്ഷേപത്തിൽ നിന്ന് വായ്പയെടുക്കേണ്ട ഗുരുതര സാഹചര്യവും ബോർഡിനുണ്ടായി. കഴിഞ്ഞ മണ്ഡലകാലത്തെ വരുമാന ചോർച്ച ഇത്തവണ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.

യുവതീപ്രവേശത്തെ തുടർന്നുണ്ടായ സംഘർഷങ്ങൾ കഴിഞ്ഞ വർഷം ശബരിമല വരുമാനത്തിൽ 200 കോടിയോളം രൂപയുടെ കുറവുണ്ടാക്കി. കച്ചവടക്കാർ ലേലത്തുക അടയ്ക്കാതിരുന്നത് 75 കോടിയുടെ നഷ്ടം വരുത്തി. കൂടാതെ പുറമേ മറ്റ് ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനവും കുറഞ്ഞു. ഇതാണ് ദേവസ്വം ബോർഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. ബോർഡിന് ബജറ്റ് സഹായമായി സർക്കാർ പ്രഖ്യാപിച്ച 100 കോടി രൂപ ഇതുവരെ നൽകിയിട്ടില്ല. സഹായമായി 30 കോടി നൽകാൻ ജൂലൈയിൽ ധനവകുപ്പ് അഡീഷണൽ സെക്രട്ടറി ഉത്തരവ് ഇറക്കിയെങ്കിലും അതും ലഭ്യമായിട്ടില്ല.

നിക്ഷേപത്തിൽ നിന്നുള്ള പലിശ കൊണ്ട് പെൻഷൻ നൽകിവന്ന ബോർഡ് മറ്റു മാർഗങ്ങളില്ലാതെ പെൻഷൻ ഫണ്ടിൽനിന്ന് 19 കോടി പിൻവലിച്ചു. ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങൾ മുടങ്ങാതിരിക്കാനുള്ള കരുതൽ ശേഖരത്തിൽനിന്ന് 35 കോടിയും കടം എടുത്തു. ഇതിന് 9 ശതമാനം പലിശയും നൽകണം. ആദ്യമായാണ് ഇത്തരത്തിൽ കരുതൽ ശേഖരത്തിൽനിന്ന് കടം എടുക്കുന്നത്. ഇത് ചട്ടവിരുദ്ധമാണെന്ന ആരോപണവും ശക്തമാണ്.

യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് എത്ര വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും ധനസഹായം നൽകുമെന്ന സർക്കാർ വാഗ്ദാനവും പാഴായി. ഇത്തവണത്തെ മണ്ഡലകാല വരുമാനം വർധിച്ചാല്‍ മാത്രമേ ദേവസ്വം ബോർഡിലെ പ്രതിസന്ധിയുടെ ആഴം കുറയ്ക്കാൻ സാധിക്കുകയുള്ളു.