കാട്ടാക്കട മർദ്ദനം: പ്രതികളെ പിടിക്കാതെ പോലീസ്; വീഴ്ചയില്ലെന്ന് ഗതാഗത മന്ത്രി

Jaihind Webdesk
Monday, September 26, 2022

തിരുവനന്തപുരം: അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ പോലീസിന്‍റെ ഭാഗത്ത്‌ വീഴ്ചയില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. പ്രതികൾ പോലീസിന്‍റെ കണ്ണിൽ നിന്ന് മറഞ്ഞുനില്കാൻ വിദഗ്ദരാണ്. അച്ചടക്ക നടപടികൾ നിയമപരമായ നടപടിക്രമത്തിലൂടെ മാത്രമേ കൈക്കൊള്ളാൻ സാധിക്കൂവെന്നും ആന്‍റണി രാജു വ്യക്തമാക്കി.

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ അച്ഛനെയും മകളെയും മർദ്ദിച്ച സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും പോലീസിന് പ്രതികളെ പിടികൂടാനാകാത്തത് വന്‍ വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. പ്രതികള്‍ ഒളിവിലാണെന്നും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ സംഘടനകളും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മകളുടെ കണ്‍സഷന്‍ പുതുക്കാനായി കട്ടാക്കട ഡിപ്പോയിലെ കൗണ്ടറിലെത്തിയ പ്രേമനനെയും മകളെയും ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് കയ്യേറ്റം ചെയ്തത്. കണ്‍സഷന്‍ പുതുക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. ആര്യനാട് ഡിപ്പോയിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഗാര്‍ഡ് എസ്.ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, അസിസ്റ്റന്‍റ്  സിപി മിലന്‍ ഡോറിച്ച്, വിരമിച്ച ജീവനക്കാരന്‍ അജികുമാര്‍ എന്നിവരാണ് പ്രതികള്‍.