നവകേരള സദസുമായി സഹകരിച്ചില്ല; പഞ്ചായത്ത് സെക്രട്ടറിമാർക്ക് സ്ഥലംമാറ്റം

Jaihind Webdesk
Monday, October 30, 2023

 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ നവകേരള സദസുമായി സഹകരിക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാർക്ക് സ്ഥലംമാറ്റം. നാലു പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെയാണ് നടപടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനസദസിനു മുന്നോടിയായുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളോട് സഹകരിച്ചില്ലെന്നാണ് നടപടിക്കു കാരണമായി പറയുന്നത്. സംഘാടക സമിതി, നിയോജകണ്ഡലം യോഗങ്ങളിൽ പങ്കെടുത്തില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽനിന്നായി നാല് ഉദ്യോഗസ്ഥർക്കെതിരെയാണു നടപടി. തദ്ദേശ വകുപ്പാണു സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ എൻ., പാലക്കാട് പരുതൂർ സെക്രട്ടറി ഷാജി എസ്.എൽ., ആനക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേന്ദ്രൻ പി.കെ., കോഴിക്കോട് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനീഷ വി. എന്നിവരെയാണ് സ്ഥലം മാറ്റിയത്.

നവംബർ 18-ന് മഞ്ചേശ്വരത്താണു ജനസദസിനു തുടക്കമാകുന്നത്. സംസ്ഥാനത്തെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. കെ.എസ്.ആർ.ടി.സി കെ-സ്വിഫ്റ്റ് ഹൈബ്രിഡ് ബസിലായിരിക്കും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര. ചീഫ് സെക്രട്ടറി വി. വേണുവിനാണ് പ്രചാരണ ചുമതല. പാർലമെന്‍ററികാര്യ മന്ത്രി കെ. രാധാകൃഷ്ണനാണ് സംസ്ഥാനതല കോ-ഓർഡിനേറ്റർ.

അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മറ്റൊരു സർക്കാർ വിലാസം ധൂർത്താണ് നടക്കുന്നതെന്ന ആക്ഷേപം ഇതിനോടകം ഉയർന്നുകഴിഞ്ഞു. ജനങ്ങള്‍ അതീവ ദുരിതത്തില്‍ കഴിയുമ്പോള്‍ നവകേരളസദസിന് 42 കോടിയും കേരളീയം പരിപാടിക്ക് 27 കോടിയും ചെലവഴിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ ധൂര്‍ത്താണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി കുറ്റപ്പെടുത്തി. സര്‍ക്കാരും പാര്‍ട്ടിക്കാരും ഒറ്റക്കെട്ടായിജനത്തെ പിഴിയുകയാണെന്നും സഹികെട്ട ജനം നവകേരള സദസിലേക്ക് പത്തലുമായി എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.