മന്ത്രിമാർ അത്ര പോര, പരിശീലനം വേണം; തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍

Jaihind Webdesk
Saturday, September 18, 2021

തിരുവനന്തപുരം : മന്ത്രിമാരിൽ ചിലർ കഴിവില്ലാത്തവരെന്ന ആരോപണം പരോക്ഷമായി സമ്മതിച്ച് സർക്കാർ. കാര്യക്ഷമത വർധിപ്പിക്കാൻ ഈ മാസം 20 മുതൽ 22 വരെ പ്രത്യേക പരിശീലനം നൽകും. നേതൃഗുണവും ജനങ്ങളുമായും ഉദ്യോഗസ്ഥരുമായുമുള്ള മികച്ച ഇടപെടൽ മന്ത്രിമാരെ പരിശീലിപ്പിക്കാൻ വിദഗ്ദരെത്തും.

രണ്ടാം പിണറായി സര്‍ക്കാരിലെ ഭരണപരിചയം കുറഞ്ഞ മന്ത്രിമാർക്കാണ് പരിശീലനം. സെപ്റ്റംബര്‍ 20, 21, 22 തീയതികളില്‍ നിന്നായി ദിവസേനെ മൂന്നു ക്ലാസുകളാണ് മന്ത്രിമാര്‍ക്ക് വേണ്ടി നല്‍കുന്നത്. രാവിലെ 9.30 മുതല്‍ ഒരുമണിക്കൂര്‍ വീതമുള്ള മൂന്ന് ക്ലാസുകളാണ് പരിശീലനത്തിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.  തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവണ്‍മെന്‍റാണ് (ഐഎംജി) മന്ത്രിമാരെ പഠിപ്പിക്കുക. ഭരണ സംവിധാനത്തെ പരിചയപ്പെടല്‍, ദുരന്തകാലത്തെ നേതൃവെല്ലുവിളികള്‍, ടീം ലീഡറായി എങ്ങനെ മന്ത്രിക്ക് പ്രവര്‍ത്തിക്കാം, പരിവര്‍ത്തനത്തിനുള്ള ഉപാധിയായി ഇ-ഗവേണന്‍സ് ഉപയോഗിക്കല്‍, മന്ത്രിയെന്ന നിലയില്‍ എങ്ങനെ കാര്യക്ഷമത വര്‍ധിപ്പിക്കാം, പദ്ധതി നിര്‍വഹണത്തിലെ വെല്ലുവിളികള്‍, സമൂഹമാധ്യങ്ങളിലെ അപകടങ്ങളും സാധ്യതകളും എന്നിവയിലൊക്കെയാണ് മന്ത്രിമാര്‍ക്ക് നല്‍കുന്ന ക്ലാസുകള്‍.

മന്ത്രിമാര്‍ക്ക് ആവശ്യമായ മന്ത്രിമാര്‍ക്ക് ഭരണപരമായ കാര്യങ്ങളില്‍ അവഗാഹം കുറവാണെന്നും പരിശീലനം നല്‍കണമെന്നും ഐഎംജി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  വിഷയങ്ങള്‍ പഠിച്ച് വേണ്ടരീതിയില്‍ കൃത്യമായി നടപ്പിലാക്കുന്നതിലും ഫയലുകള്‍ കാലതാമസം കൂടാതെ കൈകാര്യം ചെയ്യുന്നതിലും മന്ത്രിമാര്‍ പിന്നിലാണെന്ന് ഐഎംജി സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഓഗസ്റ്റ് 30നാണ് ഇതുസംബന്ധിച്ച പ്രൊപ്പോസല്‍ ഐഎംജി ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ ഒന്നിലെ മന്ത്രിസഭായോഗം പരിശീലന പരിപാടിക്ക് അംഗീകാരം നല്‍കി ഉത്തരവിറക്കി. സെപ്റ്റംബർ 20 മുതല്‍ 22 വരെ മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം.