ജസ്ന തിരോധാനക്കേസ്; സിബിഐ അന്വേഷണം അവസാനിപ്പിച്ചെങ്കിലും കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ടോമിൻ ജെ. തച്ചങ്കരി

കൊച്ചി: ജസ്ന തിരോധാനക്കേസില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചെങ്കിലും ഇനിയും കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മുൻ അന്വേഷണ ഉദ്യാഗസ്ഥൻ ടോമിൻ ജെ. തച്ചങ്കരി. എന്നെങ്കിലും ഒരു സൂചന കിട്ടുകയാണെങ്കിൽ സിബിഐയ്ക്ക് തുടർന്നും അന്വേഷിക്കാം. പോലീസിനെയോ സിബിഐയെയോ കുറ്റം പറയാനാവില്ല. മതപരിവർത്തനം നടന്നു എന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കയ്യെത്തും ദൂരത്ത് ജസ്ന എത്തിയെന്ന് കരുതിയ സമയമുണ്ടായിരുന്ന വാദം മുൻ ഡിജിപി കൂടിയായ തച്ചങ്കരി ആവർത്തിച്ചു. അതേ സമയം തുടക്കത്തിലെ അന്വേഷണം പാളിയത് കൊണ്ടാണ് ജസ്നയെ കണ്ടെത്താൻ കഴിയാത്തതെന്നാണ് അച്ഛൻ ജയിംസ് പ്രതികരിച്ചത്.

ജസ്ന മരിയ ജയിംസിനെ കാണാതായിട്ട് അഞ്ച് കൊല്ലം കഴിഞ്ഞു. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ഒന്നു നടന്നില്ല. ഒടുവിൽ സിബിഐയും കൈ ഒഴിഞ്ഞു. എന്നാല്‍ മുൻ ക്രൈം ബ്രാഞ്ച് മേധാവി പ്രതീക്ഷ അവസാനിപ്പിക്കുന്നില്ല.

Comments (0)
Add Comment